എം.ജി സര്‍വകലാശാല കൈക്കൂലി; എം.ബി.എ സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

0
37

കോട്ടയം: എം ജി സര്‍വകലാശാല കൈക്കൂലി വിവാദത്തില്‍ വീണ്ടും നടപടി. വിവാദത്തില്‍ എം ബി എ സെക്ഷന്‍ ഓഫിസര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സെക്ഷന്‍ ഓഫിസര്‍ ഐ സാജനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ സി ജെ എല്‍സിയെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. അന്വേഷണ സമിതി റിപ്പോര്‍ട്ടും സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. സാജന്‍ കൃത്യവിലോപം കാട്ടിയെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയത്. വീഴ്ചകളില്‍ നടപടിയെടുക്കാത്തതില്‍ അസിസ്റ്റന്റ് രജസിട്രാര്‍ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ചുമതല നല്‍കി.

എംജി സര്‍വകലാശാല കൈക്കൂലി കേസില്‍ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. പി ഹരികൃഷ്ണന്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. അറസ്റ്റിലായ സിജെ എല്‍സി മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ സൂചനകളും അവര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു. സിജെ എല്‍സി കൈക്കൂലി പണം ഒമ്പതു പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ജനുവരി 28നാണ് എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്.

Leave a Reply