ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ് (91 )അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ അഞ്ചുദിവസംമുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ജൂൺ മൂന്നിനാണ് മിൽഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായിരുന്നു എങ്കിലും കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ബുധനാഴ്‌ച അത്യാഹിതവിഭാഗത്തിൽനിന്ന് മാറ്റിയിരുന്നു. പിന്നീട് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന്
നില അതീവഗുരുതരമായി. പിന്നാലെയാണ് മരണവാർത്ത എത്തിയത്.
പറക്കും സിംഗ് എന്നറിയപ്പെടെുന്ന മില്‍ഖ 1960ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്റിലെ ഐതിഹാസിക പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. 400 മീറ്ററിൽ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് അന്ന് വെങ്കല മെഡൽ നഷ്ടമായത്. നാലുതവണ ഏഷ്യൻ ഗെയിംസ് സ്വർണം (200 മീറ്റർ, 400 മീറ്റർ) നേടിയിട്ടുണ്ട്. 1958 കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായിരുന്നു.1956, 1964 ഒളിമ്പിക്‌സിലും പങ്കെടുത്തു. 1959ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഗോൾഫ്‌താരം ജീവ് മിൽഖയടക്കം നാല് മക്കളുണ്ട്.