പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സിഐയെ വിളിച്ചത് നല്ല ഉദ്ദേശ്യത്തിലാണ്. താന്‍ വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല. വീട്ടമ്മയുടെ പരാതിയാണ് പറഞ്ഞത്. പ്രതിയെ അവിടെ നിന്നും മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് താന്‍ ആവശ്യപ്പെട്ടത്.
പ്രതിയെ അടിക്കാന്‍ താന്‍ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലുമുള്ള ക്ഷമ കാണിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മന്ത്രി ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി.
മന്ത്രി ജി ആര്‍ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരി ലാലും തമ്മിലുണ്ടായ വാക്കു തര്‍ക്കം വിവാദമായിരുന്നു. ഇതിന്റെ ഓഡിയോ പുറത്തുവരികയും ചെയ്തിരുന്നു. ഒരു കുടുംബ കേസില്‍ ഇടപെടാനായി ഇന്‍സ്‌പെക്ടറെ വിളിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്‌പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ വിവാദമായതിന് പിന്നാലെ ഉദ്യോ?ഗസ്ഥനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.