കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ല, ചെയര്‍മാന്‍ ചര്‍ച്ച നടത്തി പരിഹരിക്കും: കൃഷ്ണന്‍കുട്ടി

0
273

തിരുവനന്തപുരം: കെഎസ്ഇബിയില്‍ സിപിഎം സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച ചെയ്യില്ല. അത് കമ്പനിയാണ്. കെഎസ്ഇബി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പരിമിതിയുണ്ട്. തര്‍ക്കങ്ങള്‍ ബോര്‍ഡും ചെയര്‍മാനും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 

രാവിലെ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് മന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ മുമ്പും സമരം ഉണ്ടായിട്ടുണ്ട്. എ കെ ബാലനും, പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്നപ്പോള്‍ സമരം ഉണ്ടായിട്ടുണ്ട്. 

സമരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യപരമാണ്. അത്ര വലിയ കുറ്റമാണെന്ന് താന്‍ കരുതുന്നില്ല. ചെയര്‍മാനെ മാറ്റണമെന്ന് സമരക്കാര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ടാറ്റ, അംബാനി തുടങ്ങിയ കമ്പനികള്‍ ചുരുങ്ങിയ ചെലവില്‍ ഇലക്ട്രിസിറ്റി കൊടുക്കാന്‍ പോകുകയാണ്. 

ലുലു അത് വാങ്ങാന്‍ പോകുന്നു. അങ്ങനെ നമ്മള്‍ കൊടുക്കുന്ന സ്ഥലമെല്ലാം സ്വകാര്യ കമ്പനികള്‍ കയ്യടക്കാന്‍ പോകുകയാണ്. ബോര്‍ഡും കമ്പനിയും ജീവനക്കാരും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ കെഎസ്ഇബിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. 

ബോര്‍ഡ് സാമ്പത്തികമായി പ്രയാസത്തിലാണ്. സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും, അടിയന്തരമായി പരിഹാരം കാണാനും ചെയര്‍മാനും ബോര്‍ഡിനും മന്ത്രി നിര്‍ദേശം നല്‍കി.

സമരവുമായി ബന്ധപ്പെട്ട് മന്ത്രി കൃഷ്ണന്‍കുട്ടിയുമായി, മുന്‍മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ ചെയര്‍മാന്റെ നടപടികള്‍ക്കെതിരെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിഷേന്‍ വൈദ്യുതിഭവന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.

Leave a Reply