കെഎസ്ഇബി അടിയില്‍ ഇടപെട്ട് വൈദ്യുതിമന്ത്രി, തിങ്കളാഴ്ച ചര്‍ച്ച

0
38

കെ എസ് ഇബിയിലെ സിപിഎം അനുകൂല സംഘടനാ ജീവനക്കാരുടെ സമരം തീര്‍ക്കാന്‍ വൈദ്യുതിമന്ത്രി ഇടപെടുന്നു. സിപിഎം സംഘടനകളും കെഎസ്ഇബി ചെയര്‍മാനും തമ്മിലുള്ള പോര് തീര്‍ക്കുക ലക്ഷ്യമിട്ടാണ് മന്ത്രി ചര്‍ച്ചയ്ക്കിറങ്ങുന്നത്. സമരക്കാരുമായി മന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും.

എല്‍ഡിഎഫ്, സിപിഎം നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയുടെ നീക്കം. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഉപരോധം അടക്കം കടുത്ത സമരത്തിലേക്ക് പോകാനാണ് സംഘടനയുടെ തീരുമാനം. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ബാനുവിന്റെ സസ്പെന്‍ഷനാണ് ചെയര്‍മാനും സംഘടനയും തമ്മിലുള്ള പോരിന് തുടക്കമായത്.

അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതിന്റെ പേരിലായിരുന്നു സസ്പെന്‍ഷന്‍. എന്നാല്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിന്‍ അവധിയില്‍ പോയതെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിവേദനം നല്‍കിയ ജീവനക്കാരിയെ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചു.

സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയര്‍മാന്‍ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സംഘടന സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിനെ ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് സംഘടനയും ചെയര്‍മാന്‍ ബി അശോകും തമ്മിലുള്ള പോര് രൂക്ഷമായത്. ഇന്നലെ സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.

Leave a Reply