Monday, November 25, 2024
HomeNewsKeralaകോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂര്‍ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. കെആര്‍എഫ്ബി (KRFB) പ്രൊജക്ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു.


ചാലിയാറിന് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂര്‍ കൂളിമാട് പാലത്തിന്റെ ബീമുകള്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് തകര്‍ന്നു വീണത്. പുഴയില്‍ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ ബീമുകളാണ് വീണത്. അപകടത്തില്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്.
2019 മാര്‍ച്ചില്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ നിര്‍മാണം പ്രളയകാലത്ത് പൂര്‍ണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചത്. പിന്നീട് ഡിസൈനിംഗ് വിഭാഗം പരിശോധനകള്‍ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിര്‍മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയര്‍ത്തുകയായിരുന്നു. ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments