കോട്ടയം: ഇടുക്കിയുടെ ജനപ്രതിനിധിയും മന്ത്രിയുമാണെങ്കിലും റോഷി അഗസ്റ്റിൻ കോട്ടയത്തിന്‍റെ മന്ത്രി കൂടിയാണ്. ജന്മനാടിനേയും ജില്ലയേയും റോഷി അഗസ്റ്റിനു ഒരിക്കലും മറക്കാനാവില്ല. തന്‍റെ രാഷ്ട്രീയ കളരി പാലായും കോട്ടയവുമാണ്. ജനങ്ങളുമായി ഏറ്റവും സന്പർക്കമുള്ള ജലവിഭവ വകുപ്പിന്‍റെ ചുമതല നിർവഹിക്കുന്ന റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പിനെ കൂടുതൽ ജനോപകാര പ്രദമാക്കുന്നതിനുള്ള നിരവധി പദ്ധതികളാണു മനസിലുള്ളത്. ഇന്നലെ പാലാ ചക്കാന്പുഴ വീട്ടിലെത്തിയ റോഷി അഗസ്റ്റിൻ ദീപിക ദിനപത്രത്തിനു നല്കിയ അഭിമുഖം ചുവടെ
കുടിവെള്ളക്ഷാമം പരിഹരിക്കും
വികസന കാര്യത്തിൽ വളരെയധികം പുരോഗതി വന്നെങ്കിലും കുടിവെള്ളക്ഷാമം പലഗ്രാമങ്ങളിലും ഇപ്പോഴും ജനങ്ങൾക്ക് ദുരിതമായി നിൽക്കുന്നു. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനായി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതോടൊപ്പം മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനുമാണു പ്രഥമ പരിഗണന നൽകുന്നത്.
മീനച്ചിൽ റിവർവാലി പദ്ധതി ഉൾപ്പടെ പരിഗണനയിൽ
വേനൽക്കാലത്തും മീനച്ചിലാറ്റിൽ ജലലഭ്യത ഉറപ്പുവരുത്തുന്ന മീനച്ചിൽ റിവർവാലി പദ്ധതിയുടെ പ്രോജക്ട് എപ്പോഴും ബജറ്റിൽ പറയുന്നതാണ്. ഇതിനു തുടർ നടപടികളൊന്നുമായിട്ടില്ല. ആവശ്യമായ പഠനം നടത്തി പദ്ധതി നടപ്പാക്കാൻ ശ്രമിക്കും.
വെള്ളപ്പൊക്കം തടയാൻ പദ്ധതി
ശക്തമായ മഴ പെയ്താൽ പാലാ, കോട്ടയം, കുമരകം പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. നദികളുടെ ആഴം കുട്ടി മാലിന്യവും മറ്റു നീക്കം ചെയ്തു വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികൾക്ക് രൂപം നൽകും. പടിഞ്ഞാറൻ മേഖലയിൽ നദികളിൽ പോളശല്യം രൂക്ഷമാണ്. ഇതിനു പരിഹാരം കണ്ടെത്താൻ നടപടിയുണ്ടാകും.
മഴവെള്ളം സംഭരിക്കാൻ പദ്ധതി
കാലവർഷക്കാലത്തെ പെയ്തിറങ്ങുന്ന മഴവെളളം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കുന്നതിനായി സമഗ്രമായ പ്രോജക്ട് തയാറാകും. ആവശ്യമുള്ള സ്ഥലങ്ങളിൽ ചെക്ക് ഡാമുകൾ സ്ഥാപിച്ച് ജലം സംഭരിക്കും. മഴവെള്ളം പാഴാകാതിരിക്കാൻ മഴകൊയ്ത്ത് എന്ന പേരിൽ പദ്ധതി നടപ്പാക്കും.
ന്യായ വിലയിൽ കുടിവെള്ളം
ഇപ്പോൾ ലഭിക്കുന്ന കുപ്പിവെള്ളത്തിനു അമിത വിലയാണു പലയിടത്തും. ക്വാളിറ്റിയിലും പലരും സംശയം പറയുന്നു. ന്യായ വിലയിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ സംവിധാനം ഒരുക്കും. കർഷകർക്ക് കൃഷിക്കാവശ്യമായ ജലം ഉറപ്പുവരുത്താനും നടപടിയുണ്ടാകും.