ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനരോഷം ശക്തമായി തുടരുന്നു. കര്‍ഫ്യൂ ലംഘിച്ചും നിരവധി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിസന്ധിക്ക് കാരണക്കാരായ പ്രസിഡന്റ് ഗോതബയ രജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ, മന്ത്രിമാരായ മറ്റ് രജപക്‌സെ കുടുംബാംഗങ്ങളെല്ലാം രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളില്‍ അക്രമാസക്തമായി.
കര്‍ഫ്യൂ ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയില്‍ വിദ്യാര്‍ഥി പ്രതിഷേധം തടയാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. കാന്‍ഡി നഗരത്തിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ കൊളംബോയില്‍ എംപിമാര്‍ മാര്‍ച്ച് നടത്തി.
അതിനിടെ ശ്രീലങ്കയിലെ മന്ത്രിമാരെല്ലാം കൂട്ടരാജി സമര്‍പ്പിച്ചു. ഇന്നലെ രാത്രി അടിയന്തരമന്ത്രിസഭായോഗം ചേര്‍ന്നശേഷമാണ് മന്ത്രിമാരെല്ലാം കൂട്ടരാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമല്‍ രാജപക്‌സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും രാജിവെച്ചതായി അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു.