ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ചുള്ള ആഗോള വിമർശനങ്ങൾക്കിടയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചുള്ള മറ്റു ലക്ഷ്യങ്ങൾ വച്ചുള്ള അഭിപ്രായങ്ങൾ സ്വാഗതാർഹമല്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“സ്കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും അപകീർത്തിപ്പെടുത്തുകയും പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു” എന്ന് അമേരിക്ക അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന.
“കർണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ബഹുമാനപ്പെട്ട കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്ന് കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ല.” പ്രസ്‌താവനയിൽ പറഞ്ഞു.
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു കോളേജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ ആറ് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങളും സർക്കാർ അടച്ചുപൂട്ടി.