Pravasimalayaly

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്ന് എംഎം മണി

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് മുന്‍മന്ത്രി എംഎം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു.കേസില്‍ കോടതിയാണ് വിചാരണ ചെയ്ത് തെളിവെടുക്കുന്നതും ശിക്ഷിക്കുന്നതും. അതില്‍ നമ്മള്‍ക്കൊന്നും പറയാന്‍ ആവില്ല. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെടാനുള്ള മാര്‍ഗമെല്ലാം പലപ്പോഴും നോക്കും. ഈ കേസ് കുറെനാളായി നിലനില്‍ക്കുന്ന നാണംകെട്ട കേസായാണ് തനിക്ക് തോന്നിയിട്ടുള്ളത്. ദിലീപ് നല്ലനടനായി ഉയര്‍ന്നുവന്നയാളാണ്. ഇതിനകത്തൊക്കെ അദ്ദേഹം എങ്ങനെയാണ് വന്നുപ്പെട്ടതെന്ന് ചോദിച്ചാല്‍ എനിക്ക് ഒരുപിടിയുമില്ലെന്ന് എംഎം മണി പറഞ്ഞു.

കേസില്‍ ഒന്നും ചെയ്യാനില്ല. കോടതിയുടെ പരിഗണനയിലാണുള്ളത്. കേസിന് പുറകെ വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലകാര്യങ്ങളുമുണ്ട്. അത് താന്‍ പറയുന്നില്ല. കോടതി എന്തുചെയ്യുമെന്നത് കോടതിയുടെ വിഷയമാണ്. അതിന് സര്‍ക്കാരും മുഖ്യമന്ത്രിയും എന്തുചെയ്യുമെന്നും എംഎം മണി ചോദിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത് വന്നു.കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ തിരക്കിട്ട നീക്കം നടക്കുന്നു. വേട്ടക്കാരനൊപ്പം ചേര്‍ന്ന് ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

Exit mobile version