രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്ന് ഇതിലൂടെ മനസിലാക്കാനാകുമെന്ന് മോദി പറഞ്ഞു. വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവൊണ് പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. വാരണാസിയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി എത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു’, എന്നായിരുന്നു മറുപടി.
കാശി എന്നറിയപ്പെടുന്ന ബനാറസില്‍ അവസാന നാളുകള്‍ ചെലവഴിക്കുന്നത് ശുഭകരമാണെന്ന ഹൈന്ദവ വിശ്വാസത്തെ കൂട്ടുപിടിച്ചായിരുന്നു അഖിലേഷിന്റെ പ്രസ്താവന. ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്‌ളാദമാണ് അനുഭവപ്പെട്ടതെന്ന് നരേന്ദ്ര മോദിയും തുറന്നടിച്ചു. ‘ഇതിന്റെ അര്‍ത്ഥം എന്റെ മരണം വരെ ഞാന്‍ കാശി വിടുകയോ അവിടുത്തെ ആളുകള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ്’ പ്രധാനമന്ത്രി പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഭീകരതയോട് മൃദുസമീപനം പുലര്‍ത്തുകയാണെന്നും മോദി ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും ഭരണകാലത്ത് ഭീകരര്‍ യാതൊരു ഭയവുമില്ലാതെ പ്രവര്‍ത്തിച്ചു. തീവ്രവാദികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.