Pravasimalayaly

മോഫിയ പര്‍വീന്‍ ആത്മഹത്യാ കേസ്; സി ഐ യെ രക്ഷിക്കാന്‍ ശ്രമം, കുറ്റപത്രത്തിനെതിരെ പരാതിയുമായി കുടുംബം

ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യാ കേസില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത് . സി ഐ യെ രക്ഷിക്കാന്‍ ശ്രമമെന്ന് മോഫിയയുടെ മാതാപിതാക്കള്‍ ആരോപിച്ചു. സി ഐ സുധീറിന്റെ പേര് മൊഴിയിലുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണക്കാരില്‍ സി ഐയും ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ നിന്ന് ആലുവ സിഐസി എല്‍ സുധീറിനെ പൊലീസ് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് മോഫിയയുടെ അച്ഛന്റെ പ്രതികരണം . ഈ കുറ്റപത്രം അംഗീകരിക്കാന്‍ ആകില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. സി ഐ യെ പ്രതിച്ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛന്‍ പറഞ്ഞു.

നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയെന്നാണ് കുറ്റപത്രം. മോഫിയയുടെ മരണത്തില്‍ സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണെന്ന് കുറ്റപത്രം. ഗാര്‍ഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

മോഫിയയെ സുഹൈല്‍ നിരന്തരം മര്‍ദിച്ചിരുന്നുവെന്നും ഈ മര്‍ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മര്‍ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മര്‍ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version