കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. താക്കറെയുടെ ബന്ധു ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.
ബംഗാളിലും മഹാരാഷ്ട്രയിലും ഭരണ,പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, ശിവസേനാ നേതാവ് അനില്‍ പരബ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു.
‘രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ശിവസേനയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.’ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്ലാം ഇത് നടക്കുന്നുണ്ട്. അധികാരമാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവിനെ ഇഡി ചോദ്യം ചെയ്യുകയുണ്ടായി. ബംഗാളോ മഹാരാഷ്ട്രയോ ഇതിനൊന്നും മുന്‍പില്‍ തലകുനിക്കില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.