യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.സന്ദര്‍ശക വിസയിലെത്തിയതാണ് യുവതിയെന്ന് അധികൃതര്‍ അറിയിച്ചു.
യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.