Pravasimalayaly

മങ്കി പോക്സ് അധികൃതരെ അറിയിച്ചിരുന്നു; ഡിഎംഒയുടെ വാദം തള്ളി സ്വകാര്യ ആശുപത്രി


സംസ്ഥാനത്ത് ആദ്യമായി മങ്കി പോക്സ് രോഗം സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ ഒന്നും കൈമാറിയില്ല എന്ന കൊല്ലം ഡിഎംഒയുടെ ആരോപണം തള്ളി കൊല്ലത്തെ സ്വകാര്യ ആശുപത്രി. കൊല്ലം സ്വദേശിക്ക് മങ്കി പോക്സ് രോഗം സംശയിച്ചിരുന്നതായും ഇക്കാര്യം ഡപ്യൂട്ടി ഡിഎംഒയെ അറിയിച്ചതായും എന്‍ എസ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്ത് നിന്ന് നാട്ടിലെത്തിയ രോഗി രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടക്കത്തില്‍ തന്നെ മങ്കി പോക്സ് സംശയിച്ചെന്നും ഡപ്യൂട്ടി ഡിഎംഒയെ അറിയിച്ചെന്നുമാണ് എന്‍ എസ് ആശുപത്രി പറയുന്നത്. തിരുവനന്തപുരത്തേക്ക് രോഗിയെ എത്തിക്കണമെന്ന് ഡിഎംഒ ഓഫീസ് മാര്‍ഗനിര്‍ദേശം നല്‍കി. ആംബുലന്‍സ് സൗകര്യത്തെ കുറിച്ച് ഡിഎംഒ ഓഫീസില്‍ നിന്ന് അറിയിച്ചില്ലെന്നും സ്വകാര്യ ആശുപത്രി ആരോപിക്കുന്നു. രോഗി വന്നത് സ്വന്തം വാഹനത്തിലാണ്. അതുകൊണ്ടാണ് ആ വാഹനത്തില്‍ തന്നെ വിട്ടത്. ആറുപേരുമായി സമ്പര്‍ക്കമുണ്ടായെന്നും രോഗി അറിയിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, ആരോഗ്യവകുപ്പിന്റെ വീഴ്ച വാര്‍ത്തയായതോടെ, മങ്കിപോക്സ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനം നല്‍കരുത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊല്ലം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡിഎംഒ ഓഫീസ് ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റിയിരുന്നു. ജില്ലാ കളക്ടറുടെ വാര്‍ത്താസമ്മേളനത്തില്‍ ഡിഎംഒ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് വൈരുധ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൊല്ലം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി വിചിത്ര നിര്‍ദേശം നല്‍കിയത്.

Exit mobile version