ഇംഗ്ലണ്ടിൽ മങ്കി പോക്സ് സമൂഹവ്യാപനം സ്ഥിരീകരിച്ചതിനു പിന്നാലെ മുന്നറിയിപ്പു നൽകി ആരോഗ്യ ഏജൻസികൾ. രോഗം വ്യക്തികളിൽനിന്നും വ്യക്തികളിലേക്ക് പടരാൻ തുടങ്ങിയെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മെയ് മാസം ആദ്യവാരം മങ്കിപോക്‌സ ആഫ്രിക്കയ്ക്കു പുറത്ത് വളരെ കുറച്ചു കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ നിരവധി സ്ഥലങ്ങളിൽ പുതിയ കേസുകൾ കണ്ടുവരുന്നുണ്ട്. ഇംഗ്ലണ്ടിൽ ആദ്യമായാണ് വൈറസ് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്, ഇവരുടെ യാത്രാ ബന്ധങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൂട്ടൽ പ്രകാരം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ഏറ്റവുമധികം ലണ്ടൻ കേന്ദ്രീകരിച്ചാണ്. 132 കേസുകളാണ് ലണ്ടനിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധിതരിൽ രണ്ടു പേർ മാത്രമാണ് സ്ത്രീകൾ. സമൂഹവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്ക് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം യൂറോപ്പിൽ മങ്കി പോക്സ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയ്ക്ക് പുറത്തുള്ള 30 രാജ്യങ്ങളിൽ നിന്ന് ഇതുവരെ 550-ലധികം വൈറൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച അറിയിച്ചിരുന്നു.