Pravasimalayaly

മോന്‍സണ്‍ മാവുങ്കലുമായുള്ള പോലീസ് ഉന്നതരുടെ ബന്ധം: ഇന്റലിജന്‍സ് വിശദമായി പരിശോധിക്കും

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധത്തെക്കുറിച്ച് ഇന്റലിജന്‍സ് വിശദമായി പരിശോധിക്കും. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലും വസതിയിലും എത്തി ചര്‍ച്ച നടത്താനും ചില സഹായങ്ങള്‍ നല്‍കാനും ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇവരുമായി അടുത്ത സൗഹൃദം എങ്ങനെ രൂപപ്പെട്ടു, ഇത് ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്‌തോ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നിവ അടക്കമുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്.എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ജോലി ചെയ്തിരുന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്ത് നിരവധി തവണ എത്തിയിരുന്ന പ്രവാസി മലയാളി യുവതിയാണ് പോലീസും മോന്‍സണുമായുള്ള ബന്ധത്തിന്റെ ഇടനിലക്കാരി എന്നാണ് കരുതുന്നത്. ലോക കേരള സഭയില്‍ പങ്കെടുത്തിരുന്ന ഇവര്‍ക്ക് നിലവില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പുണ്ടെന്നതിനുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. പോലീസ് സംഘടിപ്പിച്ച പരിപാടികളില്‍ ഉള്‍പ്പടെ ഇവര്‍ പങ്കെടുത്തിരുന്നതും സംശയകരമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മോന്‍സണെതിരെ പരാതി ലഭിച്ചിട്ടും തുടര്‍ നടപടികള്‍ വൈകിയതും പോലീസ് ആസ്ഥാനത്ത് തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടും ഒന്നും ചെയ്യാതിരുന്നതും ഉന്നത ഉദ്യോഗസ്ഥരും മോന്‍സണുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള അന്വേഷണം പോരെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ തലത്തിലുള്ളത്.ഇതോടൊപ്പം ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണം അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. മോണ്‍സണെ നേരിട്ട് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാനാണ് ആലോചന. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇല്ലാതിരുന്ന പോലീസ് മേധാവി അനില്‍കാന്ത് ഇന്നലെ ഓഫീസിലെത്തി. പുരാവസ്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.പോലീസ് ആസ്ഥാനത്ത് നിരവധി തവണ എത്തിയിട്ടുള്ള ഇറ്റാലിയന്‍ പ്രവാസിയായ മലായളിയുവതിയുടെ ബന്ധങ്ങള്‍ സംബന്ധിച്ച പരിശോധനകളും നടത്തുന്നുണ്ട്. മുന്‍ പോലീസ് മേധാവിയെ സന്ദര്‍ശിച്ചിരുന്ന ഇവര്‍ക്ക് മറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ക്ക് ലഭിച്ച സഹായവും പരിശോധിക്കുന്നുണ്ട്. കൊച്ചിയില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന പോലീസിന്റെ സൈബര്‍ സുരക്ഷാ ശില്‍പശാലയില്‍ ഇവര്‍ പങ്കെടുത്ത് എങ്ങനെയെന്നും പരിശോധിക്കുന്നുണ്ട്.

Exit mobile version