പുരാവസ്തു ശേഖരമുണ്ടെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ചേര്‍ത്തല ചാരമംഗലം സ്വദേശി മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയാവരില്‍ പോലീസുകാര്‍ മാത്രമല്ല രാഷ്ട്രീയ നേതാക്കളും. പണം നല്‍കാന്‍ സംശയമുള്ളവരെയാണ് ഉന്നത പോലീസുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇയാള്‍ സ്വന്തം വീട്ടില്‍ വച്ച് ഇടപാടുകള്‍ നടത്തിയിരുന്നത്. മാധ്യമങ്ങളെയും യുട്യൂബ് ചാനലുകളെയും ഇയാള്‍ തന്റെ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. 2019ല്‍ ഒരു ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ഇയാളെ ‘അത്ഭൂതങ്ങളുടെ സൂക്ഷിപ്പുകാരന്‍’ എന്ന് വിശേഷിപ്പിച്ചാണ് ലേഖനം വന്നത്.
ഇത്തരത്തില്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നവരില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്റെ വീട്ടില്‍ വച്ച് 25 ലക്ഷം നല്‍കിയതെന്ന് പരാതിക്കാര്‍ പറയുന്നു. വിദേശത്തു പുരാവസ്തുവിറ്റ പണം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഫെമ നിയമപ്രകാരം തടസ്സം നേരിടുന്നുണ്ടെന്നും ധനകാര്യ മന്ത്രാലയത്തിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ നിന്നും ക്ലിയറന്‍സ് കിട്ടുന്നതിന് 25 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. 2018 നവംബറിലാണ് പണം നല്‍കിയത്. സുധാകരന്‍ കേന്ദ്ര മന്ത്രാലയത്തില്‍ ഇടപെട്ട് തടസ്സങ്ങള്‍ നീക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സുധാകരനെ കോസ്‌മോളജിസ്റ്റ് എന്ന പേരില്‍ മോന്‍സന്‍ ചികിത്സിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. സുധാകരന്‍ പത്ത് ദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചായിരുന്നു ചികിത്സ. എന്നാല്‍ ഇതേകുറിച്ച് സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സുധാകരന് തട്ടിപ്പില്‍ പങ്കുള്ളതായി ബോധ്യപ്പെട്ടിട്ടില്ല. സുധാകരനെ ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചതാകാമെന്നും സൂചനയുണ്ട്.
ഡിഐജി എസ്.സുരേന്ദ്രന്റെ സാന്നിധ്യത്തിലും പണം നല്‍കിയിട്ടുണ്ടെന്ന്് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറയുന്നു. സുരേന്ദ്രന്റെ വീട്ടില്‍ യാക്കൂബുമായി എത്തുകയും മോന്‍സന്റെ ബിസിനസ് ശരിയാണെന്ന് സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തതോടെയാണ് പണം നല്‍കിയത്. 25 ലക്ഷമാണ് കൈമാറിയത്. എന്നാല്‍ മോന്‍സനെ അറിയില്ലെന്നാണ് ഇന്നലെ ഒരു ചാനലിനോട് സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇതേസമയം തന്നെ, മോന്‍സന്റെ കുടുംബത്തിനൊപ്പം സുരേന്ദ്രന്റെ വീട്ടില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.
അറസ്റ്റിനു തൊട്ടുമുന്‍പ് ഐ.ജി ജി.ലക്ഷമണ, ചേര്‍ത്തല സി.ഐ ശ്രീകുമാര്‍ തുടങ്ങിയവര്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന് അറസ്റ്റിനു വരെ ഇവര്‍ ഇടപെട്ട് താമസമുണ്ടായി. എസിപി ലാല്‍ജി, മുന്‍ നോര്‍ത്ത് സി.ഐ അനന്തലാല്‍, കുത്തിയതോട് സി.ഐ മനോജ് എന്നിവരെല്ലാം മോന്‍സനെ സഹായിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു.
നല്‍കുന്ന പരാതികളെല്ലാം പോലീസ് ഇടപെട്ട് ഒതുക്കിയിരുന്നു. സോഷ്യല്‍ പോലീസ് ചുമതലയുള്ള ഐ.ജി ജി.ലക്ഷ്മണയാണ് നിയമവിരുദ്ധമായി ഉത്തരവിറക്കി അന്വേഷണങ്ങ ള്‍ അട്ടിമറിച്ചത്. ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് ഏബ്രഹവും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. ലോകോത്തര മ്യൂസിയം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പോലീസുകാര്‍ ഇവരെ എത്തിച്ചതെന്നാണ് കരുതുന്നതെന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു.
[IMG]
ബെഹ്‌റ സന്ദര്‍ശനം കഴിഞ്ഞ് പോയ ഉടന്‍ ഇയാള്‍ മ്യൂസിയത്തിന് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി. ഇത് പ്രകാരം അന്വേഷണം നടത്തിയ ചേര്‍ത്തല സി.ഐ ശ്രീകുമാറും എസിപി ലാല്‍ജിയുമാണ് മ്യുസിയത്തില്‍ അമൂല്യ പുരാവസ്തുക്കള്‍ ഉണ്ടെന്നും സുരക്ഷ നല്‍കണമെന്നും കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ ഇയാളുടെ വീടിനും മ്യുസിയത്തിനും ലോക്കല്‍ പോലീസ് സംരക്ഷണം നല്‍കിയെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
2019 പത്തനംതിട്ട സ്വദേശി ശ്രീവത്സം പിള്ളയുടെ ആറരക്കോടി തട്ടിയെടുത്ത പരാതി ലക്ഷ്മണ ഒതുക്കിയതോടെയാണ് തങ്ങള്‍ ആറു പേര്‍ ചേര്‍ന്ന് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലായില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം മോന്‍സനെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും പിടികൂടുന്നത്.
ലോകോത്തര നിലവാരമുള്ള മ്യുസിയം കേരളത്തില്‍ തുടങ്ങുമെന്നും അതില്‍ പങ്കാളികളാക്കാമെന്നും പറഞ്ഞായിരുന്നു എല്ലാവരേയും ഇയാള്‍ തട്ടിപ്പിന് സമീപിച്ചത്. വിദേശത്തുള്ള പുരാവസ്തു മ്യൂസിയത്തില്‍ പങ്കാളിത്തം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം നാട്ടിലെത്തിക്കാനുള്ള നീക്കുപോക്കിനെന്ന പേരിലാണ് കൂടുതല്‍ പേരെയും ഇയാള്‍ പറ്റിച്ചത്. ഇയാള്‍ അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, മോന്‍സന്‍ മാവുങ്കല്‍ എറണാകുളം എ.സി.ജെ.എം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി