Pravasimalayaly

വെടിവച്ചതു പ്രാണരക്ഷാര്‍ഥമെന്നു ഫിലിപ്പിന്റെ അമ്മ; കൂട്ടംകൂടി മര്‍ദിച്ചെന്നു ബന്ധു

മൂലമറ്റം: തട്ടുകടയിലെ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ മകന്‍ പ്രാണരക്ഷാര്‍ഥമാണ് വെടിവച്ചതെന്നു ഫിലിപ്പ് മാര്‍ട്ടിന്റെ അമ്മ. ആളുകള്‍ കൂട്ടംകൂടി ഫിലിപ്പിനെ മര്‍ദിക്കുകയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും മാധ്യമങ്ങളോടു പറഞ്ഞു. ആളുകള്‍ കൂട്ടം കൂടി തന്നെയും മകന്‍ ഫിലിപ്പിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. തന്നെ ആക്രമിക്കുന്നതു കണ്ടു പ്രാണരക്ഷാര്‍ഥമാണ് ഫിലിപ്പ് വെടി ഉതിര്‍ത്തതെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു.

തട്ടുകടയില്‍ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. എന്നാല്‍, പിന്നീട് മറ്റൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാള്‍ ഫിലിപ്പിനെ പിടിച്ചു തള്ളുകയും പിന്നീട് കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയുമായിരുന്നെന്നു അമ്മ പറയുന്നു. ശനിയാഴ്ച രാത്രി 10.50 ഓടെയാണ് മൂലമറ്റം അറക്കുളം അശോക കവലയില്‍ വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്. മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിന്‍ (കുട്ടു-26) വെടിവച്ചതിനെത്തുടര്‍ന്നു സ്വകാര്യ ബസ് ജീവനക്കാരനായ കീരിത്തോട് പാട്ടത്തില്‍ സനല്‍ സാബു (32) ആണ് കൊല്ലപ്പെട്ടത്.

മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരനെ(32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനല്‍ സാബുവിന്റെ സംസ്‌കാരം സ്വദേശമായ കീരിത്തോട്ടില്‍ നടത്തി. ഇരട്ടക്കുഴലില്‍ തീര്‍ത്ത രണ്ടു കാഞ്ചിയുള്ള തോക്കാണ് പ്രതി വെടി വയ്ക്കാന്‍ ഉപയോഗിച്ചത്. നായാട്ടിനാണ് ഇത്തരം നീളമുള്ള തോക്ക് ഉപയോഗിക്കുന്നത്. കാറിനുള്ളില്‍നിന്ന് ഇത്രയും നീളമുള്ള തോക്കെടുത്തു വെടി വച്ച രീതിയെക്കുറിച്ച് ആദ്യം സംശയമുയര്‍ന്നു. എന്നാല്‍, ആദ്യം വെടിയുതിര്‍ത്ത സമയത്തു കാറിന്റെ ചില്ല് താഴ്ത്തിയ ശേഷം തോക്ക് പുറത്തേയ്ക്കു നീട്ടിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

രണ്ടാമത് കാറിന്റെ ചില്ല് പൊട്ടിയ ഭാഗത്തു കൂടിയും വെടിവച്ചു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. 2014 മുതല്‍ ഫിലിപ്പ് ഈ തോക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പറയുന്നത്. തോക്ക് കൈമാറിയയാള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് മരിച്ചതായാണ് ഫിലിപ്പ് പോലീസിനോടു പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇതുപയോഗിച്ചു ഫിലിപ്പ് അക്രമങ്ങളൊന്നും നടത്തിയതായി ഇതുവരെ മറ്റു പരാതികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

തട്ടുകടയില്‍ ഭക്ഷണം കഴിക്കാനായി ഫിലിപ്പ് മാര്‍ട്ടിനും പിതൃസഹോദരന്‍ ജിജുവുമാണ് രാത്രി എത്തിയത്. ബീഫ് ഉള്‍പ്പെടെയുള്ള ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. എന്നാല്‍, ബീഫ് ഇല്ലായെന്ന് കട ഉടമയും ബിജെപി ജില്ലാ സെക്രട്ടറിയുമായ പി.വി. സൗമ്യയും ഭര്‍ത്താവ് ബിനീഷും പറഞ്ഞു. ഇതിനിടെ ഇവിടേക്കെത്തിയ മറ്റ് ചിലര്‍ക്കു ബീഫ് പാഴ്‌സല്‍ ചെയ്ത് നല്‍കുന്നതു കണ്ട ഫിലിപ്പ് മാര്‍ട്ടിന്‍ ഇതു ചോദ്യം ചെയ്തു. ഈ സമയം കടയില്‍ ഉണ്ടായിരുന്നവരും ഇവിടേക്കെത്തിയ ചിലരും ചേര്‍ന്നു ഫിലിപ്പ് മാര്‍ട്ടിനെ വളഞ്ഞിട്ടു മര്‍ദിച്ചു. മുഖത്തും ശരീരമാസകലവും പരിക്കേറ്റ ഫിലിപ്പ് മാര്‍ട്ടിന്‍ അവശനായി വീണു. ഏതാനും സമയത്തിനു ശേഷം ഫിലിപ്പും ജിജുവും വന്ന ബൈക്കില്‍ തന്നെ തിരികെ വീട്ടിലേക്കു മടങ്ങി.

പിന്നീട് തോക്കുമായി തട്ടുകടയ്ക്കു സമീപമെത്തി കാറിലിരുന്ന് ആകാശത്തേക്കു വെടിയുതിര്‍ത്തു. സംഘര്‍ഷത്തെത്തുടര്‍ന്നു മൂലമറ്റം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ സമീപത്തേക്കു പോയ പ്രതിയുടെ പിന്നാലെ ഒരു സംഘം ആളുകള്‍ എത്തി ഇയാളുടെ കാര്‍ അടിച്ചു തകര്‍ത്തു. ഇതേത്തുടര്‍ന്നു പ്രതി ആള്‍ക്കൂട്ടത്തിനു നേരെ വെടി വയ്ക്കുകയായിരുന്നെന്നാണ് പറയുന്നത്. ആ സമയം സുഹ്യത്തിന്റെ വീട്ടില്‍ പോയി വരികയായിരുന്ന സനലിനും പ്രദീപിനും വെടിയേല്‍ക്കുകയായിരുന്നു. കഴുത്തിനു വെടിയേറ്റ സനല്‍ തത്ക്ഷണം മരിച്ചു. വെടിയേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടു പോകാനായി എത്തിയ ഓട്ടോറിക്ഷയ്ക്കു നേരെയും ഇയാള്‍ വെടിയുതിര്‍ത്തതായി പരാതിയുണ്ട്.

പിന്നീട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്തു വച്ചു പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റഡിയില്‍ എടുത്തു. വിദേശത്തായിരുന്ന പ്രതി രണ്ടു വര്‍ഷം മുന്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പ്രതിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്കു ജയിലില്‍ ചികിത്സ നല്‍കുമെന്നു പോലീസ് പറഞ്ഞു.

Exit mobile version