ഇടുക്കി മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്. തോക്ക് ഇയാൾ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ൽ ഒരു കൊല്ലനെ കൊണ്ട് ഇയാൾ തോക്ക് നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ ഏലത്തോട്ടത്തിൽ വരുന്ന കാട്ടുപന്നിയെ വെടിവക്കാനും, നായാട്ടിനുമായാണ് ഇയാൾ തോക്ക് നിർമ്മിച്ചത്. വെടിയേറ്റ് മരിച്ച സനലിന്റെ സംസ്‌കാരം ഇന്ന് നടക്കും.
ശനിയാഴ്ച രാത്രിയാണ് സനലിനും സുഹൃത്ത് പ്രദീപിനും വെടിയേറ്റത്. പ്രദീപ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ ഫിലിപ്പ് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.കേസിൽ നിലവിൽ ഫിലിപ്പ് മാർട്ടിൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂലമറ്റം അശോക് കവലയിലെ തട്ടുകടയിൽ കയറി പ്രശ്‌നം ഉണ്ടാക്കുകയും വഴിയാത്രക്കാരായ യുവാക്കളെ വെടിവച്ചതും ഫിലിപ്പ് മാർട്ടിൻ ഒറ്റക്കെന്നാണ് പൊലീസ് പറയുന്നത്.