Monday, July 8, 2024
HomeLatest Newsരാജമല മണ്ണിടിച്ചിൽ : നാല് മരണം

രാജമല മണ്ണിടിച്ചിൽ : നാല് മരണം

മൂന്നാർ

മൂന്നാർ രാജമല പെട്ടിമുടിയിൽ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. 83 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നതെന്നും ഇതിൽ 67 പേർ മണ്ണിനടിയിൽനിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉൾപ്രദേശമായതിനാൽ ഇവിടെ എത്തിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പ്രദേശത്തേക്ക് എൻ.ഡി.ആർ.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.

മൂന്ന് ലൈനുകളിലായി 84 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ കൃത്യമായ വിവരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാലാണിത്.

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. അതിനാൽ തന്നെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയിൽ കവിഞ്ഞ് വികസന പ്രവർത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങൾ ഉള്ളതിനാൽ മാത്രമാണ് തൊഴിലാളികൾക്ക് താമസിക്കാൻ അവസരം നൽകിയിരിക്കുന്നത്.

ദുരന്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു. രക്ഷാ പ്രവർത്തകർ ദുരന്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അവർ അവിടെ എത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments