Monday, July 8, 2024
HomeNewsബാറുകള്‍ക്കും വിദേശമദ്യവില്പനകേന്ദ്രങ്ങള്‍ക്കും പൂട്ട് വീണു

ബാറുകള്‍ക്കും വിദേശമദ്യവില്പനകേന്ദ്രങ്ങള്‍ക്കും പൂട്ട് വീണു

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനം.  സമ്പൂര്‍ണലോക് ഡൗണ്‍ വേണ്ടെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രോഗനിയന്ത്രണത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. നിലവില്‍ ആരംഭിച്ചിട്ടുള്ള ലോക്ഡൗണിനു തുല്യമായ വാരാന്ത്യനിയന്ത്രണം തുടരുമെന്നും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച അവധി ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍വകക്ഷിയോഗത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി  വിവാഹചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമായിരിക്കും ഇനി അനുമതി.  വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നത് 20 പേര്‍. ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണം ഉണ്ടാവണം. റമദാന്‍ നോമ്പു തുറ ചടങ്ങുകള്‍ക്ക് വലിയ മുസ്‌ളീം പള്ളികളില്‍ പരമാവധി 50പേരെ പങ്കെടുപ്പിക്കാം. ചെറിയ ആരാധനാലയങ്ങളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ മതനേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളണം. ആരാധനാലയങ്ങളില്‍, ഭക്ഷണം, തീര്‍ഥം എന്നിവ നല്കുന്നത് ഒഴിവാക്കണം.
സിനിമ തിയേറ്റര്‍, ഷോപ്പിംഗ മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്‌ക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. .
എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം  കഴിയാവുന്നത്ര പരിമിതപ്പെടുത്തണം. ആള്‍ക്കൂട്ടം ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പരിപാടികളും ഒഴിവാക്കും. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചു.  വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തക്ഷാമമുണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഈ സാഹചര്യത്തില്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിനെടുക്കാന്‍ പോകുന്നതിനു മുമ്പായി രക്തദാനത്തിനു കൂടി തയാറാകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

രാത്രികാല നിയന്ത്രണം തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണ സമയത്തു  ഒരുതരത്തിലുമുള്ള കൂടിച്ചേരലും പാടില്ല. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള രാത്രികാല നിയന്ത്രണം കഴിഞ്ഞ  20 മുതലാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്.   അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജന്‍ അറിയിച്ചു. കടകളും റസ്റ്റോറന്റികളും രാത്രി 7.30 വരെയാണ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണം തുടരേണ്ടിവരും. എന്നാല്‍, രാത്രി ഒന്‍പതു വരെ  റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്‌സലായി നല്‍കാവുന്നതാണ്. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയാറാകണം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും. അതിഥി തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments