നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കണം. ഇതിനായി ജൂലൈ 15 വരെ സമയം നീട്ടി നൽകി. കേസില്‍ അധിക കുറ്റപത്രം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജിയിലാണ് കോടതി വിധി.
മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കുമെതിരെ നിരവധിയായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ദിവസം പോലും സമയം നീട്ടി നല്‍കരുതെന്നും വിചാരണ തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
സമയം കൂടുതല്‍ ചോദിച്ച് വിചാരണ തടസപ്പെടുത്താനാണ് നീക്കം. പല രീതിയിലും കേസ് കേള്‍ക്കുന്ന ന്യായാധിപരെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് അറിഞ്ഞിട്ടും ഇത്രയും നാള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എവിടെയായിരുന്നെന്നും പ്രതിഭാഗം ചോദിച്ചു. ഏതു വിധേനയും കസ്റ്റഡിയില്‍ വാങ്ങുകയും ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് വരുത്തി തീര്‍ക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ദിലീപ് ആരോപിച്ചു.