തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം കിഫ്ബി വിവാദങ്ങൾക്കിടെ ഇന്ന് ചേരും. വിവാദ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.
കേന്ദ്ര ഏജൻസികളുടെ സർക്കാർ വിരുദ്ധ നീക്കത്തിന്‍റെ ഭാഗമാണ് സിഎജി റിപ്പോർട്ട് എന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനാൽ അതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
സ്വർണക്കടത്ത്, ബിനീഷ് വിവാദങ്ങളിൽ സിപിഎം മുങ്ങിനിൽക്കുമ്പോഴാണ് സിഎജിക്കെതിരായ സർക്കാർ ആക്രമണം. സിഎജി റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രി തുറന്നുവിട്ട ഭൂതം മറ്റ് വിവാദങ്ങളെ വിഴുങ്ങുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ.
എന്നാൽ ധനമന്ത്രി തന്നെ വെട്ടിലായതോടെ സിഎജിക്കെതിരായ നീക്കവും സർക്കാരിന് നേരെ തിരിയുകയാണ്.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെയാണ് ബിനീഷിനെ എന്‍സിബി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. അതേസമയം ഇന്ന് ബിനീഷിനെ സംബന്ധിച്ച് നിര്‍ണായക ദിവസമാണ്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണിന്റെ നിര്‍ദേശം. അടുത്ത 15 ദിവസം നിര്‍ണ്ണായകമെന്നാണ് നിര്‍ദേശം.
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിര്‍ണായകമാണെന്നാണ് രാജേഷ് ഭൂഷണ്‍ അറിയിക്കുന്നു. തെരഞ്ഞെടുപ്പുകളും ഉത്സവ സീസണും മൂലമുള്ള തിരക്കിന്റെ പരിണതഫലം ഈ ഘട്ടത്തിലാണ് അറിയാന്‍ സാധിക്കുക. അതുകൊണ്ടാണ് അടുത്ത രണ്ടാഴ്ച നിര്‍ണായകമാകുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിക്കുന്നു.
പ്രതിദിനം കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം അടുത്ത മാസത്തോടെ പകുതി ആക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.
വീടിന്‍റെ മതിൽ ചാടി കടന്നാണ് ഇയാൾ അകത്ത് കയറിയത്. പാണ്ഡ്യൻ എന്നാണ് പേര്. മദ്യ ലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.
വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരേ കേസെടുത്തു.
മുംബൈയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷ വീഡിയോ കോൺഫറൻസിങ് മുഖേന ഇന്നലെ പരിഗണിച്ചപ്പോൾ സാങ്കേതിക തടസമുണ്ടായി.
തുടർന്ന് ഇന്ന് നേരിട്ട് വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. വരവര റാവുവിനെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ട് അപൂർണമാണെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലായത്
ബിഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് എതിരെ വിമര്‍ശം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍
സിബലിനെതിരെ പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്.
കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കില്‍ കപില്‍ സിബല്‍ ഏറെ ആശങ്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, അദ്ദേഹത്തെ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലൊന്നും പ്രചാരണ രംഗത്ത് കണ്ടിട്ടില്ല. ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് അദ്ദേഹം പോയിരുന്നുവെങ്കില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഥമുണ്ടായേനെ. ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായ പ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യമെന്നും അധിര്‍ രഞ്ജന്‍ ചോദിച്ചു
പന്തീരാങ്കാവ് യു.എ.പി.എ് കേസില്‍ അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍.എം.പി സ്ഥാനാര്‍ത്ഥിയുമായി മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യു.ഡി.എഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ നിന്ന് മത്സരിക്കാനാണ് മുഹമ്മദ് ഷുഹൈബിന്റെ തീരുമാനം. വലിയങ്ങാടിയില്‍ കോണ്‍ഗ്രസിലെ എസ്.കെ അബൂബക്കറിനെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. പൊലീസിന്റെ കരിനിയമത്തിനെതിരെയാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു പ്രഖ്യാപനത്തിന് ശേഷം ആര്‍.എം.പി പ്രഖ്യാപിച്ചത്. എല്‍.ജെ.ഡിയുടെ തോമസ് മാത്യുവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിൽ വിളിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യുയും- അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിലെ ഇരുവരുടെയും പ്രതിബദ്ധതയെക്കുറിച്ചും, കൊറോണ വ്യാപനം, കാലാവസ്ഥാ മാറ്റം, ഇന്തോ- പസഫിക് മേഖലയിലെ സഹകരണം എന്നിവ സംബന്ധിച്ചും ചർച്ച നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യൻ -അമേരിക്കൻ ജനതയ്ക്കിടയിൽ കമലാ ഹാരിസിന്റെ വിജയം അഭിമാനകരവും വലിയ പ്രചോദനമാണ്. ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക സ്ഥാനമാണ് കമലാ ഹാരിസിനുള്ളതെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം.
തെക്കുകിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ശനിയാഴ്ചയോടെ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മർദ്ദമാകുമെന്നാണ് വിലയിരുത്തൽ.
ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത. കിഴക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർദ്ധനവുണ്ട്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് സെക്കൻഡിൽ 1,133 ഘനയടി കൊണ്ടുപോകുന്നുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി അറിയിച്ചു.
സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 362 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ ബാധിതരുടെ എണ്ണം 353918 കടന്നു. 436 പുതിയ വീണ്ടെടുക്കലുകൾ കൂടി മന്ത്രാലയം റിപ്പോർട്ട് ചെയ്തത്തോടെ പൂർണ്ണമായും രോഗമുക്തരായവരുടെ എണ്ണം 341104 ആയി. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 96.37 ശതമാനമായി ഉയർന്നു.
16 രോഗികൾ കൂടി മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 5692 കടന്നു. നിലവിൽ 7122 കേസുകൾ ചികിത്സയിൽ കഴിയുന്നതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തതിൽ 816 കേസുകൾ ഗുരുതരമാണ്.
മുപ്പത്തിയൊമ്പതാമത് ഷാർജ രാജ്യാന്തര പുസ്തകമേള 3,82,000 പേർ സന്ദർശിച്ചതായി ബുക് അതോറിറ്റി അധികൃതർ അറിയിച്ചു.അതേസമയം, ഓൺലൈനിലൂടെ നടന്ന പരിപാടികൾ 63,500 പേർ വീക്ഷിച്ചു.നവംബർ 4 മുതൽ14 വരെ ഷാർജ എക്സ്‍പോ സെന്ററില്‍ നടന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ പങ്കെടുക്കുകയും 80,000 പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും അനുസരിച്ച് ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു പ്രമേയത്തിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച മേളയിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഓൺലൈനിലൂടെ വായനക്കാരുമായി സംവദിച്ചു.
ഏഴാം സീസണിന് ഇനി മണിക്കൂറുകളുടെ താമസമേയുള്ളു. എസ്.സി. ഈസ്‌റ്റ് ബംഗാളിന്റെ വരവോടെ ഏഴാം സീസണ്‍ കൊഴുക്കുമെന്ന് ഉറപ്പാണ്. ഈസ്‌റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള ‘കൊല്‍ക്കത്ത ഡെര്‍ബി’ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. 27 നു തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് ഐ.എസ്.എല്ലിലെ ആദ്യ കൊല്‍ക്കത്ത ഡെര്‍ബി.
ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ പ്രതീക്ഷിക്കുന്നതും ഈ മത്സരത്തിനാണ്. ഐ.എസ്.എല്‍. ചാമ്പ്യനായിരുന്ന എ.ടി.കെ. ഐ ലീഗ് ചാമ്പ്യനായ മോഹന്‍ ബഗാനുമായി ലയിച്ചതോടെ ഏറ്റവും കരുത്തുറ്റ ടീമായി. ഈ സീസണില്‍ 115 മത്സരങ്ങളുണ്ടാകും. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു.
എല്ലാക്ല ബുകളും ഹോം എവേ ഫോര്‍മാറ്റുകളിലായി പരസ്‌പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണിന്റെ അവസാനം പോയിന്റ് റാങ്കിങ്ങില്‍ ആദ്യമെത്തുന്ന മികച്ച നാല്‌ക്ല ബുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഈ സീസണ്‍ പൂര്‍ണമായും ഗോവയിലാണ്. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് പുതിയ സീസണ്‍ ഫറ്റോര്‍ഡയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് നഗര്‍ സ്‌റ്റേഡിയം, ബാംബോളിമിലെ ജി.എം.സി. സ്‌റ്റേഡിയംഎന്നിവിടങ്ങളിലായാണു മത്സരം ക്രമീകരിച്ചത്. ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ പട്ടിക പുറത്തുവിട്ടു. പ്ലേ ഓഫ് മത്സരങ്ങളുടെ ക്രമം പിന്നീടു പുറത്തുവിടും.