തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് നടൻ ദിലീപിനെയും ആൻറണി പെരുമ്പൂവൂരിനെയും പുറത്താക്കാൻ നീക്കം. ഇരുവരെയും പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. സംഘടനയുടെ ജനറൽ ബോഡി യോഗം ഈ മാസം 31 ന് ചേരുന്നുണ്ട്. ഈ യോഗത്തിൽ തുടർനടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയെന്ന നിലയിൽ ദിലീപും ആൻറണി പെരുമ്പാവൂരും ചേർന്ന് നിർമിച്ച സംഘടനയാണ് ഫിയോക്. സംഘടനയുടെ ആജീവനാന്ത ഭാരവാഹികളാണ് ഇരുവരും. ദിലീപ് ആജീവനാന്ത ചെയർമാനായും ആൻറണി പെരുമ്പാവൂരിനെ ആജീവനാന്ത വൈസ് ചെയർമാനായുമാണ് തീരുമാനിച്ചിരുന്നത്.
കോവിഡിന് ശേഷം സിനിമകൾ ഒ.ടി.ടി റിലീസിലേക്ക് കൂടുതലായി എത്തിയ പശ്ചാത്തലത്തിൽ ഫിയോക് ഭാരവാഹികളായിട്ടു കൂടി ഇരുവരും ഒ.ടി.ടി റിലീസിനെ പിന്തുണക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ഇരുവരെയും പുറത്താക്കാൻ നീക്കം നടത്തുന്നത്.നേരത്തെ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ദുൽഖറിൻറെ സല്യൂട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതെന്ന് ഫിയോക് ആരോപിച്ചു.