Pravasimalayaly

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.40 അടി; 12.30 ന് മൂന്ന് ഷട്ടറുകള്‍ തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.40 അടിയായി. അണക്കെട്ടിലെ റൂള്‍ കര്‍വ് 137.5 ആണ്. റൂള്‍ കര്‍വ് ആകുമ്പോള്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഉച്ചയ്ക്ക് 12.30 ഓടെ റൂള്‍ കര്‍വില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

രാവിലത്തെ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. മണിക്കൂറില്‍ 0.5 മാത്രമേ വര്‍ധനവ് വരുന്നുള്ളൂ. 12.30 ഓടെ റൂള്‍ കര്‍വില്‍ ജലനിരപ്പ് എത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മറ്റു പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലാത്തതിനാലാണ് തമിഴ്‌നാട് റൂള്‍ കര്‍വ് അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കേരളത്തെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. അണക്കെട്ട് തുറക്കുന്ന കാര്യം ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇന്നു രാവിലെ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 534 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ റൂള്‍ കര്‍വില്‍ എത്താത്തതു കൊണ്ടാണ് ഡാം തുറക്കുന്നത് വൈകുന്നതെന്നും അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരനിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വള്ളക്കടവ്,ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം നടത്തി. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Exit mobile version