ബേബി ഡാമെന്ന കല്ലുകയ്യാലയും ചോര പൊടിഞ്ഞ കണ്ടെത്തലുകളും, മാധ്യമ പ്രവർത്തകൻ്റെ ഫേസ് ബുക്ക് പോസ്റ്റ്‌ അധികാരികൾ ശ്രദ്ധിക്കു…

0
21

കോട്ടയം: വർഷങ്ങളായി മുല്ലപ്പെരിയാറിൻ്റെ വാർത്തകൾ മലയാളികളെ അറിയിക്കുന്ന യു.എച്ച് സിദ്ധിഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് മുല്ലപ്പെരിയാർ ബേബി ഡാമിൻ്റെ നേർ ചിത്രം മലയാളികളെ വരച്ചു കാണിക്കുന്നു ബേബി ഡാമിൻ്റെ ശക്തി വായനക്കാർ നിശ്ചയിക്കു.’ ഫേസ് ബുക്ക് പോസ്റ്റ ചുവടെ

2006 നവംമ്പർ 13, തിങ്കളാഴ്ച.
അന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.9 അടി.
അന്നത്തെ ജലവിഭവ മന്ത്രി എൻ.കെ പ്രേമചന്ദ്രൻ്റെ നിർദേശപ്രകാരം ഡാം സുരക്ഷ അതോറിറ്റി അംഗവും അന്തർസംസ്ഥാന ജലവിഭവ മന്ത്രാലയം ചീഫ് എൻജിനീയറുമായ കെ. ദിവാകരൻ മുല്ലപ്പെരിയാറിൽ നടത്തിയ പരിശോധന.

വള്ളക്കടവിൽ നിന്നും ജീപ്പുകളിൽ വനത്തിലൂടെയായിരുന്നു ആ യാത്ര. മുല്ലപ്പെരിയാറിലെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് അച്ചടിദൃശ്യ മാധ്യമങ്ങൾ വാർത്തകൾ കൃത്യതയോടെ പുറത്ത് കൊണ്ടു വരുന്ന കാലം.

പരിശോധക സംഘത്തിനൊപ്പം ഞങ്ങൾ കുറേ പേരും ഉണ്ടായിരുന്നു. ഉച്ചയോടെ അണക്കെട്ടിൽ എത്തി. സ്പിൽവേയിലും പ്രധാന അണക്കെട്ടിലും പരിശോധന നടത്തിയ കെ. ദിവാകരനും ജലവിഭവ മന്ത്രാലയത്തിലെ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടിങ് എൻജിനീയർ കെ. രാജഗോപാലനും സംഘവും നേരെ ബേബി ഡാമിലേക്ക്.

പരിശോധന തുടരുന്നതിനിടെയാണ് ബേബി ഡാമിന് താഴെ ശക്തമായി വെള്ളം ഒഴുകുന്നതിൻ്റെ ശബ്ദം സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ ജലമൊഴുക്കിൻ്റെ ഉറവിടം തേടി കാട്ടിലേക്കിറങ്ങാൻ തന്നെ കെ. ദിവാകരൻ തയ്യാറായി. അന്നോളമെന്നല്ല ഇപ്പോഴും ഒരു പരിശോധക സംഘവും കാട്ടാത്ത സാഹസം.

ഞങ്ങൾ കുറേ പേരും കൂടെ
കൂടി. പ്രധാന അണക്കെട്ടിന് താഴ്ഭാഗത്തു നിന്ന് തുടങ്ങിയ യാത്ര. ചതുപ്പിലൂടെയുള്ള ശ്രമകരമായൊരു സാഹസിക യാത്ര.

വർഷങ്ങളായി വെള്ളമൊഴുകി രൂപപ്പെട്ട ചതുപ്പിൽ കാൽ വെച്ചതോടെ മുട്ടിനുമുകളിലായി ചെളി. ചതുപ്പിലേക്ക് ഇറങ്ങിയതോടെ അട്ടകളുടെ കടന്നാക്രമണവും തുടങ്ങി. അട്ടകളുടെ അഖിലേന്ത്യാ സമ്മേളനം. കാലുകളിലും കൈകളിലും മുഖത്തും എന്നു വേണ്ട അട്ടയുടെ കടിയേൽക്കാത്ത ഭാഗങ്ങൾ എല്ലാവരിലും കുറവായിരുന്നു. ശരീരത്തിൽ രക്തം ഒഴുകിയിറങ്ങുന്ന കാഴ്ചകൾ.

പരസ്പരം കൈകൊടുത്ത് സഹായിച്ചു ചതുപ്പിലൂടെ മണിക്കൂറുകൾ എടുത്ത പ്രയാണമായിരുന്നു അത്. ബേബി ഡാമിന് തൊട്ടുത്താഴെ ലക്ഷ്യത്തിലേക്ക് എത്തും വരെ ആരും പിന്മാറിയില്ലെന്നതാണ് ആ പരിശോധനയുടെ വിജയം.

ബേബിഡാമിന് താഴെ മണ്ണിനടിയിൽ കൂടി ശക്തമായി വെള്ളമൊഴുകുന്നത് തെളിഞ്ഞു കണ്ടു. ബേബി ഡാമിൽ നിന്നും 10 മീറ്റർ അടുത്തായാണ് മണ്ണിനടിയിലൂടെ വെള്ളമൊഴുകുന്നത്.
വെള്ളമൊഴുക്കിൻ്റെ ശക്തി കുറയ്ക്കാൻ വെള്ളമൊഴുകുന്ന ഭാഗത്ത് കൽക്കെട്ട് നിർമിച്ചിട്ടുണ്ട്. ബേബി ഡാമിനോട് ചേർന്ന് മൂന്ന് വൻകുഴികൾ രൂപപ്പെട്ടതും അന്ന് കണ്ടെത്തി.

ബേബിഡാമിൻ്റെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുന്ന ചോർച്ചയെന്നാണ് ജലവിഭവ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ കെ. ദിവാകരൻ ചൂണ്ടിക്കാട്ടിയത്. ഒന്നരപ്പതിറ്റാണ്ടിനിടയിൽ ആ റിപ്പോർട്ടിൻമേൽ ഒന്നും സംഭവിച്ചിട്ടില്ല.

ആ കണ്ടെത്തലിനും റിപ്പോർട്ടിനും മറ്റനാൾ 15 വർഷമാകും. ചോർച്ചയും ചതുപ്പും അതുപോലെ തന്നെയുണ്ട്. ബേബി ഡാമിനും പ്രായമേറി. അന്ന് 136 ആയിരുന്ന പരമാവധി ജലസംഭരണം 142 ൽ എത്തി. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ബേബി ഡാം അത് പോലെ നിൽക്കുന്നു.

ഈ ചോർച്ചകൾക്കും ചതുപ്പിനും തൊട്ടുമുകളിലാണ് തമിഴ്നാട് മുറിച്ചു നീക്കണമെന്ന് ആവശ്യമുന്നയിച്ച മരങ്ങൾ വളർന്നു നിൽക്കുന്നത്. ഈ മരങ്ങൾ മുറിച്ച് ബേബി ഡാമെന്ന കല്ലുകയ്യാലയെ ബലപ്പെടുത്തുമായിരിക്കും. മണ്ണിനടിയിലെ ശക്തമായ ചോർച്ചയും കുഴികളും എന്ത് ചെയ്യുമെന്ന് ഇന്നോളം ആരും ഒന്നും മൊഴിയുന്നില്ല?. ജലാഭിമുഖത്ത് നിന്ന് മണ്ണിനടിയിലൂടെ ആരംഭിക്കുന്നതാണ് ശക്തമായ ചോർച്ചയെന്ന് കണ്ടെത്തിയതാണ്.

കണ്ണിൽ പൊടിയിടാനുള്ള വെറും മിനുക്ക് പണികൾക്കപ്പുറം ബേബി ഡാമിൽ ഒന്നും ചെയ്യാൻ പോകുന്നില്ല. ജലാഭിമുഖത്തും പിന്നിലും കുറെ കല്ലുപാകി കോൺക്രീറ്റ് ചെയ്ത് മുഖം മിനുക്കിയാൽ ബേബി ഡാം എങ്ങനെ സുരക്ഷിതമാകും. അസ്ഥിവാരമില്ലാത്ത കല്ലുകയ്യാലയും ഭീഷണി തന്നെയാണ്.

‘കുരുടൻ ആന’യെ കണ്ട പോലെ മുല്ലപ്പെരിയാറിനെയും ബേബി ഡാമിനെയും കുറിച്ച് വാദിക്കുന്നവരോട് തർക്കത്തിനില്ല…

നബി: ചതുപ്പിലെ സഹയാത്രികർ…

ഷാജി അറയ്ക്കൽ (മലയാള മനോരമ), ജെയ്ജി (മനോരമ ന്യൂസ് കാമറമാൻ) കെ.വി സന്തോഷ് കുമാർ (ഏഷ്യാനെറ്റ് ന്യൂസ് ), ബിജോയ് ഗോപിനാഥ് (അന്ന് മനോരമ ന്യൂസ് ) ടോമി നീലിമ (ഫോട്ടോഗ്രാഫർ), അനീഷ് നാരായണൻ (അന്ന് ഏഷ്യാനെറ്റ് കാമറാമാൻ), പി.എസ് സോമനാഥൻ (കേരള കൗമുദി), അബ്ദുൽ സമദ് (ചന്ദ്രിക)…

*യു.എച്ച് സിദ്ദീഖ്

Mullaperiyar #babydam #mullaperiyar_dam

Leave a Reply