Monday, November 25, 2024
HomeNewsKeralaമുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 534 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ആദ്യ രണ്ടു മണിക്കൂറില്‍ 534 ക്യുസെക്‌സ് വെള്ളമാകും ഒഴുക്കിവിടുക. രണ്ടു മണിക്കൂറിന് ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആയിരം ഘനയടിയായി ഉയര്‍ത്തും. 

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. രാവിലെ 11.30ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് റൂള്‍കര്‍വിലേക്ക് എത്താതിരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത് വൈകിയത്.

പിന്നീട് 12.30 ന് തുറക്കുമെന്ന് അറിയിച്ചെങ്കിലും ഒരു മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. മറ്റു പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലാത്തതിനാലാണ് തമിഴ്‌നാട് റൂള്‍ കര്‍വ് അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരനിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വള്ളക്കടവ്,ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം നടത്തി. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments