Pravasimalayaly

ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ മണ്ടന്‍മാരെന്ന് സിപിഎം ധാരണ തിരുത്തണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഭരാണിധികാരികള്‍ മണ്ടന്‍മാരാണെന്ന ധാരണ സിപിഎമ്മും ധനമന്ത്രിയും തിരുത്തണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്   കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍  രാജ്ഭവന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായാല്‍ അത് ജനങ്ങള്‍ക്ക് ആശ്വാസമാകും. യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി കുറയ്ക്കുകയും അതുവഴി ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ നടപടിയെ മണ്ടത്തരമെന്ന് വിളിച്ചാണ് ഇപ്പോഴത്തെ സംസ്ഥാന ധനമന്ത്രി പരിഹസിച്ചത്. ധനമന്ത്രി തോമസ് ഐസക് മണ്ടത്തരമെന്ന് വിശേഷിപ്പിച്ച നടപടികള്‍ യുഡഎഫ് സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കും. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ക്ക് മാത്രമെ ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയു.
.ഇന്ധന-പാചക വാതക വില വര്‍ധനവ് കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ ദുരിതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടതായി ഭാവിക്കുന്നില്ല. തുടര്‍ച്ചയായി ഇന്ധന വിലവര്‍ധനവിനെ ന്യായീകരിക്കുന്ന പ്രെട്രോളിയം മന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുന്നതും പുച്ഛിക്കുന്നതുമായ മറുപടിയാണ് നല്‍കുന്നത്. വിദേശരാജ്യങ്ങളിലെ ഇന്ധനവില വര്‍ധനവുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേത് താരതമ്യം ചെയ്യുന്നത്.എന്നാല്‍ അടിസ്ഥാന ഇന്ധന വിലയുടെ മൂന്നിരട്ടി നികുതി സര്‍ക്കാരുകള്‍ ഈടാക്കുന്നതാണ് ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ കാരണം.അമിത നികുതി ചുമത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പരമാവധി പിഴിയുകയാണ്.എന്നിട്ടാണ് അര്‍ത്ഥശൂന്യമായ വാദഗതികള്‍ നിരത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അടിക്കടി ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചൂഷകവര്‍ഗത്തിന്റെ പ്രതിനിധികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല.പ്രെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അമിത നികുതി ഈടാക്കി ജനങ്ങളെ പീഡിപ്പിക്കുന്ന ഇന്ത്യയിലേത് പോലെയുള്ള ഭരണകൂടം ലോകത്ത് എവിടെയുമില്ല.ഒരു മുതലാളിത്ത സര്‍ക്കാരും ഇതുപോലെ നികുതി ഈടാക്കി ജനങ്ങളെ പിഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എകെ ആന്റണി,എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സത്യാഗ്രഹം നടത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫോണിലൂടെ അഭിവാദ്യമര്‍പ്പിച്ചു.ഡിസിസികളുടെ നേതൃത്വത്തിലും ഇന്ധനിവില വര്‍ധനവില്‍ പ്രതിഷേധിച്ച് ജില്ലാതലങ്ങളില്‍ സത്യാഗ്രഹം സമരം സംഘടിപ്പിച്ചു.

Exit mobile version