കോഴിക്കോട് എന്റെ മണ്ണ്, ചിന്തന്‍ ശിബിരിനെക്കുറിച്ച് പറഞ്ഞത് ഡിസിസി പ്രസിഡന്റ്; പങ്കെടുക്കാത്തിന് കാരണം സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

0
34


ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ അതീവഹൃദയവ്യഥയുണ്ട്. അതിന്റെ കാരണം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് എന്റെയും നിങ്ങളുടെയും മണ്ണാണ്. ഞാന്‍ കളിച്ചുവളര്‍ന്ന മണ്ണാണ്. തന്റെ വീട്ടില്‍ വച്ചാണ് ചിന്തന്‍ ശിബിരം നടന്നത്. എന്നാല്‍ ഇക്കാര്യം കോഴിക്കോട് നടക്കുന്ന കാര്യം എന്നോട് പറഞ്ഞത് ഡിസിസി പ്രസിഡന്റ് മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട് തന്നെ സംബന്ധിച്ച് ചില കോണുകലില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. തന്നെ പാര്‍ട്ടിക്കപ്പുറം സ്നേഹിക്കുന്നവരിലും അതുണ്ട്. അതുകൊണ്ടുമാത്രമാണ് ഇക്കാര്യം പറയുന്നത്.

താന്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പാര്‍ട്ടി അധ്യക്ഷയെ അറിയിക്കും. അവര്‍ക്ക് എന്റെ രാഷ്ട്രീയ സത്യസന്ധതയും കൂറും അറിയാം. അത് മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തേണ്ടതല്ല. താന്‍ അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്ക് പാര്‍ട്ടിക്കകത്ത് വ്യക്തിപരമായി ആരോടും വൈരാഗ്യമില്ല. ആശയപരമായ വിയോജിപ്പുകളാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply