കേരളത്തിൽ കൊറോണയുടെ അന്ത്യത്തിന്റെ തുടക്കമാണ് നിലവിലെ സാഹചര്യമെന്ന് , യു.എന്‍. ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സന്തോഷിക്കാനും ആശ്വസിക്കാനും അധികമില്ലാത്ത കാലത്ത് ഇത് അത്തരത്തിൽ ഒരു നിമിഷമാണ്. കോവിഡ് 19 പ്രതിരോധത്തില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച വിജയഗാഥകളില്‍ ഒന്നാണ് കേരളത്തില്‍ നടക്കുന്നതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. കോവിഡിന്റെ കാര്യത്തില്‍ കേരളം വന്‍ദുരന്തമാണ് ഒഴിവാക്കിയതെന്ന് കണക്കുകള്‍ നിരത്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുരളി തുമ്മാരുകുടി പറയുന്നു.
കൊറോണക്കാലത്ത് നമ്മുടെ സർക്കാർ ചെയ്ത ഏറ്റവും നല്ല കാര്യം ഈ വിഷയത്തിൽ അറിവുള്ളവരുടെ ഉപദേശം തേടി എന്നതാണ്. ഈ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യരംഗത്തും പുറത്തുമുള്ളവരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ കൊറോണയെ കൈകാര്യം ചെയ്യുന്ന രീതി, അതിൻറെ ഗുണദോഷങ്ങൾ എന്നിവ വിലയിരുത്തിയതോടൊപ്പം കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങളും വേണ്ടവിധത്തിൽ സഹായിച്ചു.
കൊറോണക്കാലത്തെ നമ്മുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് വ്യാജവാർത്തകൾ അധികം ഉണ്ടായില്ല എന്നതാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ എല്ലാ ദിവസവും വൈകീട്ട് ഒരു മണിക്കൂർ ജനങ്ങളോട് വിവരങ്ങൾ പറയുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുമ്പോൾ വ്യാജവാർത്തകൾക്ക് പരമാവധി ഒരു ദിവസമേ ആയുസ്സുള്ളൂ. പോരാത്തതിന് വൈകിട്ട് ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് അറിയാം എന്ന് വരുമ്പോൾ വ്യാജവാർത്തകൾ വൈറൽ ആവുകയുമില്ല. കൊറോണക്കാലത്തെ മുഖ്യമന്ത്രിയുടെ മാതൃകാപരമായ പത്രസമ്മേളനങ്ങളെ പറ്റി ഞാൻ മുമ്പ് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ കൊറോണയുടേ ഭീതി കുറഞ്ഞുവരുന്ന കാലത്ത് പഴയ ക്ലിപ്പുകൾ ഒന്ന് കൂടി കണ്ടു നോക്കണം. കൊറോണ തുടങ്ങിയ കാലത്ത്, മറ്റിടങ്ങളിൽ നിന്നും ആളുകൾ വരാൻ മടിച്ച കാലത്ത്, കൂട്ടമായി വരാൻ തുടങ്ങിയ കാലത്ത്, കേസുകൾ ഏറെ കൂടി അതിവേഗത്തിൽ ആശുപത്രികൾ നിറഞ്ഞ സമയത്ത്, ഇപ്പോൾ കേസുകൾ കുറഞ്ഞു വരുന്ന സമയത്ത് എല്ലാം അദ്ദേഹത്തിൻറെ ശരീരഭാഷയിൽ ഒരു മാറ്റവുമില്ല. എപ്പോഴും ആത്മവിശ്വാസത്തിന്റെ ഭാഷയാണെന്നും മുരളി തുമ്മാരുകുടി പറയുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളില്‍ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാന്‍ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാല്‍ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക. ഇടക്കിടെ മോക്ക് ഡ്രില്‍ നടത്തി പ്രാക്ടീസ് ചെയ്യുക. പിന്നെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ദുരന്തങ്ങള്‍ സ്ഥിരമായിട്ട് ഉണ്ടാകാറുമില്ലല്ലോ.
എപ്പോഴെങ്കിലും എവിടെയെങ്കിലും ദുരന്തമുണ്ടായാല്‍ ഉടന്‍ അവിടെ ഓടിയെത്തി ഇടപെടുക, അപകടത്തില്‍ പെട്ടവരെ രക്ഷിക്കുക, മരണപ്പെട്ടവര്‍ക്കായുള്ള അനന്തര നടപടികള്‍ സ്വീകരിക്കുക, വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ സൗകര്യവും ഭക്ഷണവും ഒരുക്കുക, പരിസ്ഥിതി നാശം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
എല്ലാ ദുരന്തസ്ഥലത്തും മാധ്യമങ്ങള്‍ ഓടിയെത്തും. എന്നും ദുരന്തങ്ങള്‍ക്ക് വലിയ വാര്‍ത്താമൂല്യമുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തകളും ചിത്രങ്ങളും ടി വിയില്‍ അഭിമുഖങ്ങളുമായി ദുരന്ത നിവാരണ പ്രവര്‍ത്തകന്‍ ഹീറോ ആണ്. ദുരന്തമുണ്ടാകുന്ന സമയത്ത് ചിലവാക്കാന്‍ പണം കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല, ചിലവാക്കുന്നതിന് നിയമത്തിന്റെ നൂലാമാലകളും ഇല്ല. എണ്ണക്കിണറിന് തീ പിടിച്ചത് അണയ്ക്കാന്‍ വരുന്നവര്‍ക്ക് പ്രതിദിനം ലക്ഷക്കണക്കിന് രൂപ ഫീസ് കൊടുത്താലും ഒരു ഓഡിറ്റ് ഒബ്ജക്ഷനുമില്ല. എന്തിന്, ദുരന്തങ്ങള്‍ കൈകാര്യം ചെയ്തതിന് ഞാന്‍ അവാര്‍ഡുകള്‍ വരെ മേടിച്ചിട്ടുണ്ട്. വെള്ളത്തില്‍ വീണവരെ രക്ഷിച്ചതിന് ആദരവും അവാര്‍ഡും ഇപ്പോഴും സാധാരണമല്ലേ?
ദുരന്ത നിവാരണം ജോലിയായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് വെളിപാടുണ്ടായത്, വാസ്തവത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതല്ലേ യഥാര്‍ത്ഥ ഹീറോയിസം എന്ന്. അപകടം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍, അതുണ്ടാകാതെ നോക്കിയാല്‍ ആളുകള്‍ രക്ഷപെടുമല്ലോ. അങ്ങനെ വന്നാല്‍ പിന്നെ ദുരന്ത നിവാരണത്തിന്റെ ആവശ്യമില്ലല്ലോ. എത്ര നന്നായി ദുരന്ത നിവാരണം നടത്തിയാലും നാശനഷ്ടങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ അതുണ്ടാകാതെ നോക്കുകയല്ലേ വേണ്ടത്?
നല്ല കാര്യമാണെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ ദുരന്ത നിവാരണ രംഗത്ത് നിന്നും ദുരന്തലഘൂകരണത്തിലേക്ക് എത്തിയത്.
പക്ഷെ അവിടെ ചിന്തിച്ച പോലെ എളുപ്പമല്ല കാര്യങ്ങള്‍. ഒരു ദുരന്തം ഒഴിവാക്കണമെങ്കില്‍ അനേകം ബുദ്ധിമുട്ടുകളുണ്ട്. ലോകത്ത് എവിടെയൊക്കെ എന്തൊക്കെ ദുരന്തങ്ങള്‍ക്ക് സാദ്ധ്യത ഉണ്ടെന്നറിയണം, അങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തണം, അത് ഒഴിവാക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ ആ പ്രദേശങ്ങളിലെ സര്‍ക്കാരിനെയും ജനങ്ങളെയും പ്രേരിപ്പിക്കണം, അതിനുള്ള പണം കണ്ടെത്തണം, വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കണം, ഭൂമികുലുക്കം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ കെട്ടിടം പണിയുന്നത് ഭൂമികുലുക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാകണം.
ഇതിലൊന്നും ആര്‍ക്കും ഒരു താല്പര്യവുമില്ല. വെള്ളപ്പൊക്കം ഉണ്ടാകുന്ന പുഴയരുകില്‍ വീട് വെയ്ക്കരുതെന്ന് ഒരു പതിറ്റാണ്ട് ഞാന്‍ പറഞ്ഞിട്ടും ആരെങ്കിലും ശ്രദ്ധിച്ചോ?, അതിന് ആവശ്യമായ നിയമമുണ്ടാക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്തോ? അതിനെ പറ്റി മാധ്യമങ്ങള്‍ എഴുതിയോ?
കേരളത്തിലെ ഫ്ലാറ്റുകളില്‍ ഒന്നില്‍ വലിയ തീ പിടുത്തമുണ്ടാകുമെന്നും അതില്‍ പത്തിലേറെ ആളുകള്‍ മരിക്കുമെന്നും ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ ഇപ്പോള്‍ പോലും ശ്രദ്ധിക്കുന്നുണ്ടോ?
ഇതാണ് ദുരന്തലഘൂകരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതിന് കാരണം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ‘thankless’ ജോബ് ആണ്. രാത്രി വിമാനത്താവളത്തില്‍ പോയി വരുന്ന വഴി അപകടം പറ്റി കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ ആള് മരിച്ചാല്‍ പോലും അത് വാര്‍ത്തയാകും. എന്നാല്‍ രാത്രിയില്‍ വിമാനത്താവളത്തില്‍ ആളുകളെ വിളിക്കാന്‍ പോകേണ്ട, എയര്‍പോര്‍ട്ട് ടാക്സി വിളിച്ച് വരുന്നതാണ് സുരക്ഷിതം എന്ന് നാം പറയുന്നത് കേട്ട് ആളുകള്‍ സുരക്ഷിതമായി വിട്ടിലിരുന്നാല്‍ ആരെങ്കിലും നമുക്ക് നന്ദി പറയുമോ?
ദുരന്തലഘൂകരണ രംഗത്ത് എന്താണ് ‘വിജയം’ എന്ന് തെളിയിക്കാന്‍ എളുപ്പമല്ല. ഉണ്ടാകാത്ത ദുരന്തമാണ് ഞങ്ങളുടെ വിജയം, അതുപക്ഷെ വാര്‍ത്തയല്ല. ദുരന്ത നിവാരണത്തില്‍ അല്ലാതെ ദുരന്ത ലഘൂകരണത്തില്‍ നല്ല വാര്‍ത്തകളും കഥകളും വരാറില്ല.
പക്ഷെ ദുരന്ത ലഘൂകരണ രംഗത്തെ ഏറ്റവും നല്ല വിജയകഥകളില്‍ ഒന്നാണ് നമ്മുടെ തൊട്ടു മുന്നില്‍ കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.കൊറോണയുടെ കാര്യമാണ് പറഞ്ഞുവന്നത്.
2020 ജനുവരി മുപ്പതാം തിയതിയാണ് കേരളത്തില്‍ ആദ്യത്തെ കൊറോണ കേസ് എത്തുന്നത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് 31 ന് കേസുകളുടെ എണ്ണം 240 ല്‍ നിന്നു, മരണം വെറും രണ്ടും.
കേരളത്തില്‍ ആദ്യത്തെ കൊറോണ വന്ന സമയത്ത് കൊറോണ എത്തിയ മറ്റു പല നാടുകളിലും ഏപ്രില്‍ മാസം ആയപ്പോഴേക്കും കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അക്കാലത്ത് ലോകത്തെ ശരാശരി മരണനിരക്ക് മൂന്ന് ശതമാനമാണ് (ചില രാജ്യങ്ങളില്‍ പത്തു ശതമാനം വരെയായി). അങ്ങനെ വന്നിരുന്നെങ്കില്‍ മരണങ്ങളുടെ എണ്ണം മൂവായിരം തൊട്ട് പതിനായിരം വരെ ആകുമായിരുന്നു. പക്ഷെ ശരിയായ നടപടികള്‍ ഉണ്ടായി, കേസുകളുടെ എണ്ണം അതിവേഗത്തില്‍ കൂടിയില്ല, മരണങ്ങള്‍ സംഭവിച്ചില്ല.
കേരളത്തില്‍ ആദ്യത്തെ ആയിരം കേസുകള്‍ എത്താന്‍ സമയം പിന്നെയുമെടുത്തു (മെയ് 27 നാണ് ആയിരം കേസ് ആയത്, ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത് 126 ദിവസം കഴിഞ്ഞതിന് ശേഷം). ഈ കാലഘട്ടത്തില്‍ ലോകത്തെ ആരോഗ്യ സംവിധാനം കൊറോണയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി, രോഗവ്യാപനം കുറക്കാന്‍ മാസ്‌കുകളുടെ ഉപയോഗം വ്യാപകമായി, കൊറോണയെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ അറിവോടെയും ആത്മവിശ്വാസത്തോടെയും ആയി.
കൊറോണക്കേസുകള്‍ കേരളത്തില്‍ പതുക്കെപ്പതുക്കെ കൂടി, ആയിരം പതിനായിരവും ലക്ഷവും കടന്ന് ഇന്നിപ്പോള്‍ 539919 ആയി. ഇന്നലെ വരെയുള്ള പ്രതിദിന കേസുകളുടെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ് ആണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. ഇതില്‍ ഒരു കാര്യം വ്യക്തമാണ്, കേരളത്തില്‍ കൊറോണ ആദ്യത്തെ കുന്നു കയറി ഇറങ്ങിക്കഴിഞ്ഞു. ആകെ മരിച്ചവരുടെ എണ്ണം 1943 ആണ്, രോഗബാധിതര്‍ ആയവരുടെ 0.36 ശതമാനം.
ഇന്ന് ലോകത്തെ മൊത്തം കേസുകളുടെ എണ്ണം 56,648,418 ആണ്, മരിച്ചവരുടെ എണ്ണം 1,356,547, (അതായത് മരണ ശതമാനം 2.39%. വേള്‍ഡോ മീറ്റര്‍). ഈ നിരക്കിലാണ് കേരളത്തില്‍ മരണം സംഭവിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ കുറഞ്ഞത് 12929 മരണം ഉണ്ടായേനെ !
ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനവും ഇതുവരെ രക്ഷിച്ചത് പതിനായിരത്തിന് മുകളില്‍ ജീവനുകളാണ്.
എന്നാല്‍ ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആര്‍ക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതില്‍ വലിയ അഭിമാനമോ അതിശയമോ ഇല്ല. ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ചിരിക്കുന്നതിനാല്‍ നമുക്ക് ആര്‍ക്കും നന്ദി പറയാനുമില്ല.
സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കിയത് തന്നെയാണ് നമ്മുടെ സര്‍ക്കാര്‍ കൊറോണ കൈകാര്യം ചെയ്തതിലെ ഏറ്റവും വലിയ വിജയം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞ പ്രസിദ്ധമായ ഒരു പ്രയോഗം ഉണ്ട്. ”Now this is not the end. It is not even the beginning of the end. But it is, perhaps, the end of the beginning’.
ഇന്നിപ്പോള്‍ കേരളത്തില്‍ കൊറോണ ഒന്നാമത്തെ കുന്നു കയറി ഇറങ്ങിയിരിക്കുന്നു. ഇത് കേരളത്തില്‍ ഇത് കൊറോണയുടെ അന്ത്യമൊന്നുമല്ലെങ്കിലും അന്ത്യത്തിന്റെ തുടക്കം തന്നെയാണ്. സന്തോഷിക്കാനും ആശ്വസിക്കാനും അധികമില്ലാത്ത കാലത്ത് ഇത് അത്തരത്തില്‍ ഒരു നിമിഷമാണ്.
കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ കേരളത്തിന് ഇപ്പോള്‍ത്തന്നെ ചൂണ്ടിക്കാട്ടാന്‍ വിജയത്തിന്റെ സൂചികകള്‍ പിന്നെയും ഏറെയുണ്ട്. അവ പിന്നീട് വിശദമായി എഴുതാം. ഇപ്പോള്‍ കുറച്ചു കാര്യങ്ങള്‍ സൂചിപ്പിക്കാം.
* ലോകത്തെല്ലായിടത്തും ഈ മഹാമാരി അതിവേഗതയില്‍ പടര്‍ന്നു കയറിയപ്പോള്‍ എങ്ങനെയാണ് അത് കൈകാര്യം ചെയ്യേണ്ടത് എന്ന് ആരോഗ്യ സംവിധാനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലായിരുന്നു. ചികിത്സ നടത്തുന്നതോടൊപ്പം രോഗത്തെ പഠിക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു അത്. ‘Building the plane while flying it’ എന്ന് ഇംഗ്ളീഷില്‍ ഒരു ചൊല്ലുണ്ട്. അതായിരുന്നു സ്ഥിതി. അതുകൊണ്ടാണ് രോഗികളെ കൂടാതെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും ഏറെ മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിച്ച് നിര്‍ത്തിയതിലൂടെ ആളുകളുടേയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ രക്ഷിച്ചു എന്ന് മാത്രമല്ല, രോഗത്തെയും ചികിത്സാ സാധ്യതകളെയും പറ്റി വൈദ്യശാസ്ത്രത്തിന് കൂടുതല്‍ അറിവ് നേടാനുള്ള സാവകാശവും ലഭിച്ചു.
👉 ഏതൊരു സമയത്തും നിലവിലുള്ള കേസുകളുടെ എണ്ണം ആ പ്രദേശത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്ന കേസുകളുടെ എണ്ണത്തേക്കാള്‍ കുറച്ചു നിര്‍ത്തുക എന്നതായിരുന്നു ലോകത്തെവിടെയുമുള്ള വെല്ലുവിളി. സമ്പന്നരാജ്യങ്ങള്‍ക്ക് ഉള്‍പ്പടെ ഇത് വിജയകരമായി ചെയ്യാന്‍ സാധിച്ചില്ല. ആശുപത്രികള്‍ നിറഞ്ഞതോടെ ഐ സി യു വും വെന്റിലേറ്ററും റേഷന്‍ ചെയ്യേണ്ടി വന്നു. പ്രായമായവര്‍ക്ക് വേണ്ടി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ട എന്ന തരത്തില്‍ പോലും തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം പലയിടത്തും ഡോക്ടര്‍മാര്‍ക്കുണ്ടായി. മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്ത സംഭവം അനവധി രാജ്യങ്ങളില്‍ ഉണ്ടായി. പക്ഷെ, കേരളത്തില്‍ കേസുകള്‍ പ്രതിദിനം പതിനായിരത്തിന്റെ മുകളില്‍ പോയിട്ടും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ സൗകര്യങ്ങളുടെ പരിധിക്ക് അപ്പുറം ഒരു നഗരത്തില്‍ പോലും പോയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ നാളായി കഠിനാധ്വാനം ചെയ്യുകയാണെങ്കിലും അവരിലെ മരണം ഏറെ കുറവാണ്, ആത്മഹത്യകള്‍ നടന്നതായി കേട്ടുമില്ല. രോഗത്തെ തടഞ്ഞു നിര്‍ത്തിയ സമയത്ത് ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും രോഗത്തിന്റെ തീഷ്ണത അനുസരിച്ച് വീട്ടില്‍ ഐസൊലേഷന്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കൊറോണ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിങ്ങനെ പല അടരുകളായി കേസുകള്‍ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോള്‍ വേണ്ട സമയങ്ങളില്‍ രൂപീകരിച്ചത് എന്നതൊക്കെ ഇതിന്റെ കാരണങ്ങള്‍ ആണ്.
👉കൊറോണക്കാലത്ത് നമ്മുടെ സര്‍ക്കാര്‍ ചെയ്ത ഏറ്റവും നല്ല കാര്യം ഈ വിഷയത്തില്‍ അറിവുള്ളവരുടെ ഉപദേശം തേടി എന്നതാണ്. ഈ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യരംഗത്തും പുറത്തുമുള്ളവരുടെ അഭിപ്രായങ്ങള്‍ തേടിയിരുന്നു. വിവിധ രാജ്യങ്ങളില്‍ കൊറോണയെ കൈകാര്യം ചെയ്യുന്ന രീതി, അതിന്റെ ഗുണദോഷങ്ങള്‍ എന്നിവ വിലയിരുത്തിയതോടൊപ്പം കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും വേണ്ട വിധത്തില്‍ സഹായിച്ചു.
👉അതേസമയം തന്നെ ചിലപ്പോഴെങ്കിലും ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിന് എതിരായും പോകേണ്ടി വന്നു. ആരോഗ്യ വിദഗ്ദ്ധര്‍ ആരോഗ്യ കാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കുന്പോള്‍ ഒരു ഭരണാധികാരിക്ക് മറ്റുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിന്തിക്കേണ്ടതായി വരും. പരീക്ഷകള്‍ നടത്തിയാല്‍ രോഗ വ്യാപനം കൂടാന്‍ സാധ്യതയുള്ളതുകൊണ്ട് അത് ഒഴിവാക്കുക എന്നതാകും ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം. എന്നാല്‍ അവസാന വര്‍ഷ പരീക്ഷകളും എന്‍ട്രന്‍സ് പരീക്ഷകളും നടത്തിയില്ലെങ്കില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന് മാത്രമല്ല കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. അപ്പോള്‍ ഇവ രണ്ടും കണക്കിലെടുത്തേ ഒരു ഭരണാധികാരിക്ക് തീരുമാനമെടുക്കാന്‍ സാധിക്കൂ. ആ തീരുമാനം എളുപ്പമല്ല, അല്പം റിസ്‌ക് ഉണ്ട്. അത്തരം അവസരങ്ങളില്‍ കാര്യങ്ങളെ മനസ്സിലാക്കി വേണ്ടത്ര റിസ്‌ക് എടുക്കുക എന്നതാണ് നല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്. അക്കാര്യങ്ങള്‍ വേണ്ടപ്പോള്‍ ചെയ്യുകയും ചെയ്തു, തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് എതിര്‍ത്തവര്‍ക്ക് പോലും ആ തീരുമാനങ്ങള്‍ ശരിയാണെന്ന് തോന്നി.
-കൊറോണയുടെ മേല്‍ നമ്മള്‍ നേടിയ മേല്‍ക്കൈ മുഖ്യമന്ത്രിയുടെയോ, ആരോഗ്യമന്ത്രിയുടെയോ ആരോഗ്യ വകുപ്പിന്റെയോ മാത്രം ശ്രമഫലമായി ഉണ്ടായതല്ല. ‘Whole of Government’ രീതിയാണ് നമുക്ക് വേണ്ടതെതെന്ന് മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ കാലാകാലങ്ങളില്‍ പറയുമെങ്കിലും പ്രായോഗികമായി പലപ്പോഴും ഓരോ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ കാര്യം മാത്രം നോക്കുകയും അവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ നോക്കാതെ നോക്കുകയും ചെയ്യുന്നതാണ് ലോകത്തെവിടെയും രീതി. എന്നാല്‍ ഈ കൊറോണക്കാലത്ത് കേരളത്തില്‍ തീര്‍ച്ചയായും നാം കണ്ടത് ‘whole of Government’ രീതിയുടെ ഉത്തമ മാതൃകയാണ്. ആരോഗ്യം, പോലീസ്, റെവന്യൂ, ആരോഗ്യം, തൊഴില്‍, സിവില്‍ സപ്പ്ളൈസ് തുടങ്ങിയ എല്ലാ വകുപ്പുകളും, ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ എല്ലാ തലങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നമുക്ക് ആയിരക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചത്.
👉കൊറോണക്കാലത്തെ നമ്മുടെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന് വ്യാജവാര്‍ത്തകള്‍ അധികം ഉണ്ടായില്ല എന്നതാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ എല്ലാ ദിവസവും വൈകീട്ട് ഒരു മണിക്കൂര്‍ ജനങ്ങളോട് വിവരങ്ങള്‍ പറയുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് പരമാവധി ഒരു ദിവസമേ ആയുസ്സുള്ളൂ. പോരാത്തതിന് വൈകിട്ട് ശരിയായ വിവരങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് അറിയാം എന്ന് വരുന്പോള്‍ വ്യാജ വാര്‍ത്തകള്‍ വൈറല്‍ ആവുകയുമില്ല. കൊറോണക്കാലത്തെ മുഖ്യമന്ത്രിയുടെ മാതൃകാപരമായ പത്ര സമ്മേളനങ്ങളെ പറ്റി ഞാന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ കൊറോണയുടേ ഭീതി കുറഞ്ഞുവരുന്ന കാലത്ത് പഴയ ക്ലിപ്പുകള്‍ ഒന്ന് കൂടി കണ്ടു നോക്കണം. കൊറോണ തുടങ്ങിയ കാലത്ത്, മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ വരാന്‍ മടിച്ച കാലത്ത്, കൂട്ടമായി വരാന്‍ തുടങ്ങിയ കാലത്ത്, കേസുകള്‍ ഏറെ കൂടി അതിവേഗതയില്‍ ആശുപത്രികള്‍ നിറഞ്ഞ സമയത്ത്, ഇപ്പോള്‍ കേസുകള്‍ കുറഞ്ഞു വരുന്ന സമയത്ത് എല്ലാം അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ ഒരു മാറ്റവുമില്ല. എപ്പോഴും ആത്മവിശ്വാസത്തിന്റെ ഭാഷയാണ്, അത് കാണുന്നവര്‍ക്ക് വിശ്വാസം ഉണ്ടാക്കുന്നതാണ്. (ഇതില്‍ പല പത്ര സമ്മേളനങ്ങളും നടക്കുന്ന സമയത്ത് കൊറോണക്കപ്പുറം രാഷ്ട്രീയമായി എന്തൊക്കെ കത്തി നിന്നിരുന്നു എന്നുകൂടി കണക്കിലെടുക്കുന്പോള്‍ എനിക്ക് കൂടുതല്‍ അത്ഭുതം തോന്നാറുണ്ട്).
കൂടുതല്‍ പറയുന്നില്ല. നിലവില്‍ കീരിക്കാടന്‍ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്ളാദിക്കാറായിട്ടില്ല. കൊറോണയുടെ വാക്സിന്‍ തൊട്ടടുത്തെത്തിയ സൂചനകളുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് ആകുന്പോഴേക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ അപായ സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും എന്ന് ചിന്തിക്കാനെങ്കിലും പറ്റുന്ന ഒരു സാഹചര്യം ഇപ്പോഴുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കൊറോണ കേരളത്തില്‍ എത്തിയതില്‍ പിന്നെ ഏറ്റവും ആത്മവിശ്വാസം ലഭിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്.
കൊറോണ ഒരു നൂറു മീറ്റര്‍ ഓട്ടമല്ല, മാരത്തോണ്‍ ആണ് എന്ന് ഞാന്‍ പലകുറി പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് തന്നെ എത്രയൊക്കെ ക്ഷീണിച്ചാലും മരത്തോണിന്റെ അവസാനത്തെ ലാപ്പും നന്നായി ഓടി എത്തേണ്ടത് അനിവാര്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണയുടെ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം ഒന്നാമത്തേക്കാള്‍ ഉയരത്തിലാണ്. അമേരിക്കയിലാകട്ടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ചിന്തിച്ചതിനപ്പുറത്തേക്കുള്ള സംഖ്യയാണ് ഓരോ ദിവസവും വരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥ വലിയ വില്ലനാണ്. തണുപ്പുകാലം ആയതിനാല്‍ വൈറസിന് കൂടുതല്‍ സമയം അന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതോടൊപ്പം ആളുകള്‍ കൂടുതല്‍ സമയം അടച്ചിട്ട മുറികളില്‍ ചിലവാക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങള്‍ കേരളത്തിലില്ല.
എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം, ജനുവരിയില്‍ എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുണ്ടാകാവുന്ന സമ്മര്‍ദ്ദം ഇവ രണ്ടും കേരളത്തിനും രണ്ടാമത്തെ തരംഗം ഉണ്ടാക്കിയേക്കാം. ഇതുവരെ നമുക്ക് സാധിച്ചതു പോലെ പൊതുസമൂഹം മൊത്തമായി ശ്രമിച്ചാല്‍, വേണ്ട തരത്തില്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ തരംഗം ഒഴിവാക്കാനും മരണനിരക്ക് ഇപ്പോഴത്തെ നിലയില്‍ പിടിച്ചു നിര്‍ത്താനും അങ്ങനെ നൂറു കണക്കിന് അറിയപ്പെടാത്ത ജീവനുകള്‍ ഇനിയും രക്ഷിക്കാനും നമുക്ക് സാധിക്കും. ഇടക്കാലത്ത് ‘കൊറോണക്കാലത്തെ വിജയകഥയായിരുന്ന കേരളത്തിന് എന്ത് പറ്റി?’ എന്നുള്ള വാര്‍ത്തകള്‍ വീണ്ടും മാറും, കേരളത്തിന്റെ മാതൃക വീണ്ടും ലോകം ശ്രദ്ധിക്കും. അതിനൊരു മൂന്നുമാസം കൂടി നമ്മള്‍ ജാഗരൂകരായിരുന്നാല്‍ മതി. നമുക്കതിനു കഴിയും.
അങ്ങനെ നമ്മുടെ പ്ലാനുകള്‍ ഒക്കെ തെറ്റിച്ച രണ്ടായിരത്തി ഇരുപതും നമുക്ക് അഭിമാനിക്കാവുന്ന വര്‍ഷമാകും. രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ ഈ നഷ്ടങ്ങള്‍ ഒക്കെ നികത്തി നമ്മുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും നല്ലൊരു വര്‍ഷമാകും, എനിക്കുറപ്പാണ്.