Monday, November 18, 2024
HomeLatest Newsവാഴക്കാല മൂലേപ്പാടം റോഡിലെ സെയ്‌ന്റ് തോമസ് മഠത്തിലെ കന്യാസ്ത്രീ ജെസീന (45) പാറമടയിൽ മുങ്ങിമരിച്ചതെന്ന് പ്രാഥമിക...

വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്‌ന്റ് തോമസ് മഠത്തിലെ കന്യാസ്ത്രീ ജെസീന (45) പാറമടയിൽ മുങ്ങിമരിച്ചതെന്ന് പ്രാഥമിക നിഗമനം

കാക്കനാട്

വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്‌ന്റ് തോമസ് മഠത്തിലെ കന്യാസ്ത്രീ ജെസീന (45) പാറമടയിൽ മുങ്ങിമരിച്ചതെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ പരിക്കുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ വൈകീട്ടോടെയാണ് പൂർത്തിയായത്. എന്നാൽ, ഇത് അന്തിമ റിപ്പോർട്ട് അല്ലെന്നും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വന്ന ശേഷമേ മരണ കാരണത്തിൽ വ്യക്തത വരൂ എന്നും പോലീസ് പറഞ്ഞു.ഞായറാഴ്ച വൈകീട്ട് സെയ്‌ന്റ് തോമസ് മഠത്തിന് പിറകിലുള്ള പാറമടയിലാണ് ഇടുക്കി സ്വദേശിനിയായ ജെസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പറമടയിലേക്ക് കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിൽനിന്ന് ലഭിച്ച സൂചനകളും ഇതുതന്നെയാണ്. മജിസ്റ്റീരിയൽ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന് പോലീസ് അറിയിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കുളം പായൽകൊണ്ട് നിറഞ്ഞതാണ്. കോൺവെന്റിന്റെ പൊളിഞ്ഞ മതിൽ കടന്നാണ് സിസ്റ്റർ െജസീന കുളത്തിലെത്തിയതെന്നാണ് കരുതുന്നത്. സിസ്റ്റർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന മഠം അധികൃതരുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സിസ്റ്റർ െജസീന ചികിത്സ തേടിയ ആശുപത്രിയിൽനിന്ന് പോലീസ് രേഖകൾ ശേഖരിച്ചു. 2004-ൽ മധ്യപ്രദേശിലെ ഉജ്ജൈനിയിൽ സിസ്റ്റർ െജസീന ജോലി ചെയ്തിരുന്നപ്പോൾ സഹപ്രവർത്തകയുടെ അപകട മരണം നേരിൽ കണ്ടതുമുതൽ മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന്‌ ഡി.എസ്.ടി. കന്യാസ്ത്രീ മഠം അധികാരികൾ പറയുന്നു. 2011-ൽ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചപ്പോഴും ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. തിങ്കളാഴ്ച ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മഠത്തിലും പാറമടയിലും നടത്തിയ അന്വേഷണത്തിലും അസ്വാഭാവികത കണ്ടെത്തിയിട്ടില്ല. കൂടാതെ, വിരലടയാള വിദഗ്ദ്ധർ, സയന്റിഫിക് അസിസ്റ്റന്റുമാർ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്‌രെയുടെ നേതൃത്വത്തിൽ മഠത്തിലെ ഒമ്പത് കന്യാസ്ത്രീകളുടെയും മരിച്ച സിസ്റ്ററുടെ ആറ്‌ ബന്ധുക്കളുടെയും മൊഴികളും ശേഖരിച്ചിട്ടുണ്ട്.തൃക്കാക്കര അസി. കമ്മിഷണർ ആർ. ശ്രീകുമാർ, കളമശ്ശേരി സി.ഐ. പി.ആർ. സന്തോഷ്, തൃക്കാക്കര എസ്.ഐ.മാരായ എ. ഷെഫീക്‌, ഷെമീർ ഖാൻ, റഫീക്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സിസ്റ്റർ െജസീനയ്ക്ക് അന്തിമ ഉപചാരം അർപ്പിക്കാൻ സഹപ്രവർത്തകരും ബന്ധുക്കളുമായ നിരവധി പേരാണ് വാഴക്കാലയിലെ സെയ്‌ന്റ് തോമസ് കോൺവെന്റിലെത്തിയത്. ചടങ്ങുകൾക്കു ശേഷം മൃതദേഹം വാഴക്കാല പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.മൃതദേഹം വേഗം പൊങ്ങിയതിൽ ദുരൂഹതയെന്ന് നാട്ടുകാർകാക്കനാട്: പാറമടയിൽനിന്ന് കന്യാസ്ത്രീയുടെ മൃതദേഹം മണിക്കൂറുകൾക്കകം പൊങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു മുതൽ കാണാതായ ആളുടെ മൃതദേഹം മഠത്തിന് തൊട്ടുപിറകിലുള്ള, 200 അടിയോളം ആഴമുള്ള പാറമടയിൽനിന്ന് വൈകീട്ട് തന്നെ പൊങ്ങിവന്നതിൽ സംശയമുണ്ടെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇതിനു മുൻപ്‌ പാറമടയിൽ വീണ രണ്ടുപേരുടെ മൃതദേഹങ്ങൾ രണ്ടുദിവസം കഴിഞ്ഞാണ് പൊങ്ങി വന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.എന്നാൽ, വെള്ളത്തിൽ വീണ എല്ലാവരും മുങ്ങിത്താഴണമെന്ന് നിർബന്ധമില്ലെന്നും ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ഇതിനു കാരണമാകുമെന്നും പോലീസ് പറയുന്നു. പാറമടയിലെ വെള്ളവും െജസീനയുടെ ശരീരത്തിൽനിന്ന് ശേഖരിക്കുന്ന വെള്ളവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും അതിനു ശേഷമേ നിഗമനത്തിലെത്തൂ എന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സിസ്റ്റർ െജസീന മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്നാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. െജസീനയെ കാണാതായ വിവരം കുടുംബത്തെ അറിയിച്ചത് മൃതദേഹം കണ്ടെടുക്കുന്നതിന് ഏതാനും സമയം മുമ്പ് മാത്രമായിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോഴും വിഷമങ്ങൾ അലട്ടുന്നതായി ഒന്നും സിസ്റ്റർ െജസീന പങ്കുവെച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments