തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലേത് അടക്കമുള്ള പ്രതികളുടെ ഫോണ്‍ വിളിക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്ത തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഏതാനും ജയില്‍ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കാനും തീരുമാനിച്ചു.എ.ജി. സുരേഷിനെ സസ്‌പെന്‍ഡ് ചെയ്ത ഒഴിവില് ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ട് ആര്‍. സാജനെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടായി നിയമിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ട് രാജു ഏബ്രാഹാമിനെ ഇവിടെ നിന്നു മാറ്റി വിയ്യൂര്‍ ഹൈ സെക്യുരിറ്റി ജയില്‍ സൂപ്രണ്ടായി നിയമിച്ചു. അതി സുരക്ഷാ ജയിലിലെ ജോയിന്റ് ,ൂപ്രണ്ട് അഖില്‍ എസ്. നായരെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടായി നിയമിച്ചു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ളവര്‍ ഫോണ്‍ ദുരുപയോഗം ചെയ്തു ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ആഭ്യന്തര വകുപ്പ് ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ റഷീദ് എന്ന തടവുകാരന്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു ചൂണ്ടിക്കാട്ടിയിരുന്നു. തൃശൂര്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസിസറ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഉത്തരമേഖല ഡിഐജി എം.കെ. വിനോദ് കുമാര്‍ അന്വേഷണം നടത്തിയിരുന്നു. ജയില്‍ ഡിജിപിയും ഇവിടെ പരിശോധന നടത്തിയിരുന്നു.പ്രത്യേകതകളും പ്രമാദവുമായ കേസുകളില്‍ ഉള്‍പ്പെട്ട തടവുകാരോടു നിയമപരമല്ലാത്ത ഇടപെടല്‍ നടത്തുകയും അവര്‍ക്കു ജയിലിനുള്ളില്‍ ചട്ടപ്രകാരമല്ലാത്ത ദുഃസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയും ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ചില പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചു പുറത്തു ചിലരെ ഭീഷണിപ്പെടുത്താനും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുക വരെ ചെയ്യുന്നതായും കണ്ടെത്തിയിരുന്നു.ചീമേനി ജയില്‍ സൂപ്രണ്ടായി സുധീറിനെ നിയമിച്ചു. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല സീനിയര്‍ മോസ്റ്റ് ജോയിന്റ് സൂപ്രണ്ട് കെ.വി. ബൈജുവിന് അധിക ചുമതലയായി കൈമാറാനും തീരുമാനിച്ചു.