കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ വഴി ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് ബിജെപി നീക്കമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഗവര്‍ണര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണിയില്‍ തന്നെ കോണ്‍ഗ്രസ് നിലപാടിന് എതിരെ വിമര്‍ശനമുണ്ട്. മുസ്ലിം ലീഗും ആര്‍എസ്പിയും ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഭിന്നാഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാനായി ഗവര്‍ണര്‍ ശ്രമിക്കുന്നത് തടയാന്‍ ജങ്ങെളെ അണിനിരത്തും. ആരിഫ് മുഹമ്മദ് ഖാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം വീടുകളില്‍ എത്തിക്കാനായി ലഘുലേഖ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കുകയാണ്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കും.
പതിനഞ്ചാം തീയതിയിലെ രാജ്ഭവന്‍ മാര്‍ച്ചില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിര്‍വഹിക്കും. ഡിഎംകെ രാജ്യസഭ എംപി തിരിച്ചി ശിവയും മാര്‍ച്ചില്‍ പങ്കെടുക്കും. 15ന് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.