തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറി. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഇപി ജയരാജന്റെ അധ്യക്ഷതിയല്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എംവി ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എംവി ഗോവിന്ദന്‍ നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.