Pravasimalayaly

യെച്ചൂരി സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത്; വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല: എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാര്‍ വാടകക്കെടുത്തതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ട്രാവല്‍ ഏജന്‍സി വഴിയാണ് കാറുകള്‍ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായതില്‍ ബിജെപി അസ്വസ്ഥരാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള നീചമായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊണ്ടാണ് വാഹനത്തിന്റെ വാടക നിര്‍ണയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തരത്തില്‍ വലിയ വിജയമായതിന് ശേഷം ബിജെപി ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് പരിഹാസമാണ്, നീചമാണ്. ഇത്തരം ഏജന്‍സികളില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാടകക്കെടുക്കാറുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ കുറ്റം കണ്ടെത്താനില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കുകയാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് മാത്രമല്ല എറണാകുളം ജില്ലയില്‍ നിന്ന് വരെ വാഹനങ്ങള്‍ വാടകക്കെടുത്തിട്ടുണ്ട്. സമ്മേളന പ്രതിനിധികളെ വിവിധ വിമാനത്താവളങ്ങളില്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സൗകര്യം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് വിവാദമായ വാഹനം അല്ലായിരുന്നു എന്നും കെഎല്‍ 13 എആര്‍ 2707 നമ്പറിലുള്ള വാഹനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിലായ വാഹനത്തിലായിരിക്കാം യെച്ചൂരി വിമാനത്താവളത്തില്‍ നിന്ന് വന്നിട്ടുണ്ടാവുക, എന്നാല്‍ ഇത് വിവാദമാക്കേണ്ട വിഷയം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു

Exit mobile version