Pravasimalayaly

സമൂഹവും മുസ്ലീം സമുദായവും മാറിയത് മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞില്ലെന്ന് യൂത്ത് ലീഗിന്റെ വിമർശനം

ജൂലൈ 7 8 തീയതികളിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ചേരുവാൻ തീരുമാനമെടുത്തിരിക്കേ നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ്. സമൂഹവും മുസ്ലിം സമുദായവും മാറിയതും സമുദായത്തിന് സിപിഎമ്മിനോട് ഉള്ള സമീപനം മാറിയതും മുസ്ലിം ലീഗ് നേതൃത്വം മനസ്സിലാക്കിയില്ല എന്നും യൂത്ത് ലീഗ് വിമർശനം ഉന്നയിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് വിമർശനാത്മകമായി വിലയിരുത്തുമ്പോൾ പാർട്ടി ചർച്ച ചെയ്യേണ്ട സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്താതെ പോകരുതെന്നും നേതൃത്വം അഭിപ്രായപ്പെടുന്നു. അധികാരത്തിന് ഗുണഭോക്താക്കളായ മുസ്ലിം ലീഗ് നേതാക്കൾക്ക് പാർട്ടി നിയന്ത്രണം വേണമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെടുന്നു.

പാർട്ടിയിൽ ഇപ്പോൾ ഉയർന്നു വരുന്ന വിമർശനങ്ങൾ മുൻപ് ഉള്ളതുതന്നെയാണ്. എന്നാൽ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാൽ നടപടി നേരിടേണ്ട ഗതികേട് ഉണ്ടാകുമോ എന്ന് പ്രവർത്തകർ ഭയപ്പെടുന്നു. ഉൾപ്പാർട്ടി ജനാധിപത്യവും ആത്മവിമർശനവും ഉണ്ടാവണമെന്നും ശക്തമായ അഭിപ്രായമുണ്ട്.

യൂത്ത് ലീഗിലും ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാവണം എന്ന് നേതാക്കൾ ശക്തമായി വാദിക്കുന്നു. യൂത്ത് ലീഗിന്റെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കണം എന്നും നേതാക്കളുടെ താൽപര്യങ്ങൾ ഉൾക്കൊള്ളിക്കുവാൻ ഭരണഘടനാവിരുദ്ധം ആയുള്ള സ്ഥാനമാനങ്ങൾ നിർമ്മിക്കുന്നത് നിർത്തണമെന്നും യൂത്ത് ലീഗ് നേതാക്കൾ അഭിപ്രായപ്പെടുന്നു. 45 വയസ്സുവരെയുള്ളവരെയൊക്കെ യൂത്ത് ലീഗിന്റെ നേതാക്കളായി പരിഗണിക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവണം. കാലാവധി കഴിഞ്ഞ കമ്മിറ്റികൾ ഉടൻതന്നെ പുന സംഘടിപ്പിക്കണം. ജനപ്രതിനിധികളെകൊണ്ട് പാർട്ടിക്ക് ഗുണം ലഭിക്കുന്നില്ല. ജനപ്രതിനിധികൾക്ക് പാർട്ടി നിയന്ത്രണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

Exit mobile version