കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിന് ഉടന്‍ മറുപടി നല്‍കും.
കേസിലെ അഭിഭാഷകന് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് അഭിഭാഷകന്റെ കൈയില്‍ ശാസ്ത്രീയ പരിശോധനക്ക് നല്‍കിയതെന്നും ദിലീപ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ല. അന്ന് വീട്ടില്‍ വെച്ച് നടന്ന സംസാരം വൈകാരികമായ സംസാരം മാത്രമാണ്. അതിന് പിന്നില്‍ ഗൂഢലക്ഷ്യമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ പഴയ ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.