ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകീട്ട് നാലരയ്ക്കാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. ഒമൈക്രോണ്‍, കോവിഡ് സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും.
രാജ്യത്ത് അതിവേഗത്തിലാണ് കോവിഡ് മൂന്നാം തരംഗം വ്യാപനം. ഇന്ന് ഒന്നര ലക്ഷത്തിന് മുകളില്‍ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍ ഏതൊക്കെ തരത്തില്‍ നിയന്ത്രണങ്ങള്‍ വേണം, രോഗ വ്യാപനം കുറയ്ക്കാനുള്ള നടപടികള്‍ എന്നിവയായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.
ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിക്കും. രാത്രിയോടെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും യോഗം ചര്‍ച്ച ചെയ്യും.