സാമ്പത്തികമാന്ദ്യം നേരിടാനായി കേന്ദ്രസർക്കാർ നാല് ഘട്ടത്തിൽ പ്രഖ്യാപിച്ച ഉത്തേജനപാക്കേജ് ലക്ഷ്യംകാണുന്നില്ല

0
77

ന്യൂഡൽഹി
സാമ്പത്തികമാന്ദ്യം നേരിടാനായി കേന്ദ്രസർക്കാർ നാല് ഘട്ടത്തിൽ പ്രഖ്യാപിച്ച ഉത്തേജനപാക്കേജ് ലക്ഷ്യംകാണുന്നില്ല. സർക്കാർ നേരിട്ട് ചെലവ് നടത്താതെ വായ്പകൾ പ്രോത്സാഹിപ്പിച്ച് സമ്പദ്ഘടനയെ കരകയറ്റാനുള്ള ശ്രമമാണ് പ്രഹസനമാകുന്നത്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 15 ശതമാനം വരുന്ന തുക ഉത്തേജന പദ്ധതിയായി പ്രഖ്യാപിച്ചെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത്. ഫലത്തിൽ ജിഡിപിയുടെ രണ്ട് ശതമാനത്തോളം തുകയാണ് അധികമായി ചെലവിടുന്നത്.

കോവിഡ് അടച്ചുപൂട്ടലിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1.08 ലക്ഷം കോടിയുടെ സഹായപദ്ധതികൾ അടക്കം 3.72 ലക്ഷം കോടി രൂപയാണ് കേന്ദ്രം മൊത്തത്തിൽ ബജറ്റിതര വിഹിതമായി ചെലവിടുക. ആത്മനിർഭർ പാക്കേജ് ഒന്നാംഘട്ടത്തിൽ 1.08 ലക്ഷം കോടി, രണ്ടാം ഘട്ടത്തിൽ 37,000 കോടി, മൂന്നാം ഘട്ടത്തിൽ 1.18 ലക്ഷം കോടി ക്രമത്തിൽ പ്രഖ്യാപിച്ചത് ചേർത്താണ് ഇത്. ഇത് ജിഡിപിയുടെ 1.9 ശതമാനം മാത്രമാണ്.

ധനമന്ത്രി അവകാശപ്പെടുന്നത് 29.87 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെന്നാണ്. ഇതിൽ 3.72 ലക്ഷം കോടി രൂപ ഒഴിച്ചുള്ളത് വായ്പ ആയാണ്. വായ്പയെടുക്കാൻ ജനങ്ങൾ തയ്യാറാകാത്ത ഈ സമയത്ത് സർക്കാർ കണക്ക് പ്രതീക്ഷമാത്രമാകും. തൊഴിലില്ലായ്മയും വരുമാന ഇടിവും രൂക്ഷമായതിനാൽ ജനങ്ങൾ കൈയിലുള്ള പണംപോലും ചെലവിടാൻ ഭയക്കുന്നു. വരുമാനം വർധിപ്പിക്കാൻ സർക്കാർ ഒന്നുംചെയ്തില്ല. വാങ്ങൽശേഷി ഇടിഞ്ഞതിനാൽ വിപണി തകർന്നു. സംരംഭകർ പുതിയ നിക്ഷേപം നടത്തുന്നില്ല. കോർപറേറ്റുകൾക്ക് ഇളവുകൾ വാരിക്കോരി നൽകാതെ ജനങ്ങളുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.

സീതാറാം യെച്ചൂരി
സർക്കാരിന്റെ പ്രഖ്യാപനങ്ങൾ മാധ്യമങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കാൻവേണ്ടി മാത്രമാണ്. റിസർവ് ബാങ്ക് മാന്ദ്യം സ്ഥിരീകരിച്ചതിനു പിന്നാലെയുള്ള സർക്കാരിന്റെ പുതിയ പ്രഖ്യാപനവും പര്യാപ്തമല്ല.

പ്രണബ് സെൻ (ദേശീയ സ്ഥിതിവിവര കണക്ക് മുൻ തലവൻ)
കുടുംബങ്ങളുടെ സമ്പാദ്യം ഉയർന്നുവെന്ന് കാണിക്കുന്നത് അടച്ചുപൂട്ടൽകാലത്ത് ചെലവിടൽ കുറഞ്ഞതുകൊണ്ടാണ്. ഈ ഉത്സവകാലം കഴിയുന്നതോടെ ജനങ്ങളുടെ കൈയിലെ പണം തീരും.

പാക്കേജ് സമ്പദ്ഘടനയെ രക്ഷിക്കില്ല: പിബി
ആഭ്യന്തര, വിദേശ മൂലധനശക്തികൾക്ക് പരമാവധി ലാഭം ഉറപ്പാക്കാനുള്ള പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയെ ഇതുകൊണ്ട് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്ക് നേരിട്ട് പണം നൽകിയും സൗജന്യഭക്ഷണം എത്തിച്ചും വാങ്ങൽശേഷി ഉയർത്തിയും മാത്രമേ സമ്പദ്ഘടനയെ കരകയറ്റാൻ കഴിയൂ. മുമ്പ് പ്രഖ്യാപിച്ചതടക്കം ജിഡിപിയുടെ 15 ശതമാനത്തോളം വരുന്ന തുക ഉത്തേജക പാക്കേജായി നടപ്പാക്കുന്നുവെന്ന് കേന്ദ്രം വീമ്പ് പറയുന്നു. എന്നാൽ, ജിഡിപിയുടെ 1.9 ശതമാനം വരുന്ന 3.72 ലക്ഷം കോടി രൂപയാണ് ഫലത്തിൽ പാക്കേജായി ലഭിക്കുക. ലോകത്തെ മറ്റ് പ്രധാന സമ്പദ്ഘടനകൾ ജിഡിപിയുടെ 10 മുതൽ 15 ശതമാനം വരെയാണ് ഉത്തേജക പാക്കേജായി നടപ്പാക്കുന്നത്. രാജ്യത്ത് കൃത്യമായി എത്ര തുകയാണ് ബജറ്റിതര ഇനത്തിൽ പാക്കേജായി സർക്കാർ ചെലവിടുന്നതെന്ന് ധനമന്ത്രി വെളിപ്പെടുത്തണം.

തൊഴിൽ സൃഷ്ടിക്കുന്ന വിധത്തിൽ നിക്ഷേപത്തിനു വായ്പകൾ എടുക്കുമെന്ന് പ്രതീക്ഷിച്ചാണ് പാക്കേജിന്റെ ഏറിയപങ്കും. വിപണി ചുരുങ്ങുകയും ജനങ്ങളുടെ വാങ്ങൽശേഷി ഇടിയുകയും ചെയ്ത സാഹചര്യത്തിൽ ഇതു നടക്കാൻ പോകുന്നില്ല–-പിബി പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply