സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റൊരു വ്യക്തിയുടെയോ സംഘടനകളുടെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ യഥാര്‍ഥ ഉടമകളോ, അവര്‍ക്ക് വേണ്ടി ആരെങ്കിലുമോ പരാതി നല്‍കിയാല്‍ 24 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള അക്കൗണ്ടുകള്‍ക്കെതിരെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും. ഇതിനുള്ള വ്യവസ്ഥകള്‍ സാമൂഹിക മാധ്യ കമ്പനികള്‍ക്കായുള്ള പുതിയ ഐ ടി നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ക്രിക്കറ്റ് താരങ്ങള്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, സംഘടനകള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടുകളുണ്ടാക്കുന്നതും സാധാരണക്കാരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. ഇത് കണക്കിലെടുത്താണ് കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ നീക്കം. വിഷയത്തില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.