
കശ്മീരിൽ സംസ്ഥാന തിരഞ്ഞെടുപ്പ് നടത്തുവാനും യുക്തമായ സമയത്ത് സംസ്ഥാന പദവി നൽകാനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഇത് വ്യക്തമാക്കിയത്.

ഈ വിഷയത്തിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ക്കപ്പുറം രാജ്യ താല്പര്യം ഉയർത്തിപിടിക്കണം എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനപദവി പുനസ്ഥാപിക്കുന്നതിന് മണ്ഡല പുനർ നിർണ്ണയവും സമാധാനപരമായ തെരഞ്ഞെടുപ്പും അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ച ചർച്ച മൂന്നര മണിക്കൂർ നീണ്ടു. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം 14 രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
