ലഡാക്ക് ചൈനയില്‍ ജമ്മു കശ്മീര്‍ സ്വതന്ത്രരാജ്യം ; കേന്ദ്രത്തെ പ്രകോപിപ്പിച്ച് വിവാദമാപ്പുമായി ട്വിറ്റര്‍ ; കനത്ത പ്രതിഷേധവുമായി ഇന്ത്യാക്കാര്‍

0
47

ന്യൂഡല്‍ഹി

പുതിയ ഐടി നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കനത്തപോര് തുടരുന്ന സാഹചര്യത്തില്‍ കശ്മീരും ലഡാക്കുമില്ലാതെ വികൃത ഭൂപടം പ്രസിദ്ധീകരിച്ച് പ്രകോപനവുമായി ട്വിറ്റര്‍ വീണ്ടും. ട്വിറ്ററിന്റെ കരീര്‍ വിഭാഗത്തിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്ത് വന്നതിന് പിന്നാലെ ട്വിറ്ററിനെതിരേ കനത്ത നടപടിയ്ക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

ലഡാക്കിനെ ചൈനയുടെ ഭാഗമായിട്ടും ജമ്മു കശ്മീരിനെ സ്വതന്ത്രരാജ്യവുമായിട്ടാണ് ചിത്രീകരിച്ചിട്ടുണ്ട്. നേരത്തേയും സമാന രീതിയിലുള്ള പ്രശ്‌നം ഉണ്ടായപ്പോള്‍ വിവരസാങ്കേതിക മന്ത്രാലയം ട്വിറ്റര്‍ സിഇഒ ജാക്ക് ഡേഴ്‌സിയ്ക്ക് കത്തയച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കുന്ന നടപടിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്നത് ഒരു മാപ്പിലായാല്‍ പോലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഇന്ത്യാക്കാര്‍ എടുത്തിരിക്കുന്നത്.

അതേസമയം ആറു മാസം മുമ്പായിരുന്നു ബിബിസി അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പെട്ടത്. ജോ ബൈഡനില്‍ നിന്നും മറ്റു രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന തലക്കെട്ടില്‍ നല്‍കിയ ഗ്രാഫിക് ഇമേജില്‍ ജമ്മു കശ്മീര്‍ ഇല്ലാതെയായിരുന്നു ചിത്രീകരിച്ചത്. ഇതിനെതിരേ അമേരിക്കയിലെയും ബ്രിട്ടനിലെയും ഇന്ത്യാക്കാര്‍ രംഗത്ത് വന്നിരുന്നു. ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നും ഇനി ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു തരണമെന്നും ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ്മ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ബിബിസി ക്ഷമ പറയുകയും പിഴവ് തിരുത്തി മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 2020 ഒക്‌ടോബര്‍ 18 ന് സമാനഗതിയില്‍ വിവാദത്തില്‍ ട്വിറ്ററും പെട്ടിരുന്നു. ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമായിട്ടാണ് അന്ന് കാണിച്ചത്. വിവാദം ഉയര്‍ന്നതോടെ അവര്‍ മാപ്പു പറഞ്ഞു. ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിന്‍ ഗോഖലേ അടക്കമുള്ളവരാണ് അന്ന് രംഗത്ത് വന്നത്. കേന്ദ്രത്തിന്റെ പുതിയ ഐടി നയവുമായി ബന്ധപ്പെട്ട ട്വിറ്ററുമായി ഉടക്കി നില്‍ക്കുന്ന സ്ഥിതിയിലാണ് കേന്ദ്രത്തിനുള്ളത്. അടുത്തിടെ നിയമം അംഗീകരിച്ചില്ലെന്ന് കാട്ടി ട്വിറ്ററിന്റെ ‘സേഫ് ഹാര്‍ബര്‍’ കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. ഇതിനേതിരേ ഇവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply