ന്യൂ ഡൽഹി
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംഭവത്തിൽ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ബെന്നി ബഹനാൻ എം പി ക്ക് ഉറപ്പുനൽകി. വിഷയത്തിന്റെ കാര്യ ഗൗരവങ്ങൾ ഉൾക്കൊള്ളണമെന്നും അടിയന്തിര അന്നേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും എം പി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ് എം പി യും എം പി ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്റലിജൻസ് ബ്യൂറോ യുടെ സംഘം കോഴിക്കോട് ജില്ലയിലെ ചിന്താ വളപ്പിൽ രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കേന്ദ്രങ്ങൾ വഴിയല്ലാതെ തന്നെ വിദേശത്തടക്കം ഇത്തരം സാമാന്തര എക്സ്ചേഞ്ച് മുഖേന ഫോൺ വിളിക്കാൻ സാധിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയങ്ങളടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടലും അന്നേഷണവും വിഷയത്തിൽ ഉണ്ടാകണമെന്ന് എം പി മാർ മന്ത്രിയോട് ആവശ്യപ്പെട്ടു.