രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ അര്‍ഹരായി. വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്പിക് സ്വര്‍ണ്ണ ജേതാവ് മരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മാനിക ബാത്ര, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു താരങ്ങള്‍.
ദ്രോണാചാര്യ പുരസ്‌കാരത്തിന് ലൈഫ് വിഭാഗത്തില്‍ എട്ട് പേരും റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പേരും അര്‍ഹരായി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ, അത്‌ലറ്റ് ദ്യുതി ചന്ദ്, ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന്‍ തുടങ്ങി 27 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ് ഉള്‍പ്പെടെ 15 പേര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹരായി. 2019ലെ തെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം എട്ട് പേര്‍ക്ക് ലഭിച്ചു. പഞ്ചാബ് യൂനിവേഴ്‌സിറ്റിക്കാണ് മൗലാനാ അബുല്‍ കലാം ആസാദ് ട്രോഫി.
ഇത് രണ്ടാം തവണയാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്. 2016ല്‍ ബാഡ്മിന്റന്‍ താരം പി വി സിന്ധു, ജിംനാസ്റ്റ് ദീപ കര്‍മാകര്‍, ഷൂട്ടിംഗ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശിപാര്‍ശ ചെയ്തിരുന്നു. ഇവര്‍ നാലുപേരു ഒരുമിച്ച് പുരസ്‌കാരം നേടുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1998), മഹേന്ദ്ര സിംഗ് ധോണി (2007), വിരാട് കോലി (2018) എന്നിവരാണ് ഇതിനു മുമ്പ് ഖേല്‍രത്ന നേടിയ ക്രിക്കറ്റ് താരങ്ങള്‍.
ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിൻസിയെ ധ്യാൻചന്ദ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ത്യൻ റിലേ ടീം അംഗമായ ജിൻസി ബുസാൻ ഏഷ്യൻ ഗെയിംസിൽ റിലേ സ്വർണം നേടി. 2000 സിഡ്നി ഒളിമ്പിക്സിൽ മത്സരിച്ചിരുന്നു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌പോര്‍ടസ്് ദിനമായ ഈമാസം 29ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന വെര്‍ച്ച്വല്‍ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും