Pravasimalayaly

കാട്ടുമൃഗ ശല്യം രൂക്ഷമായ ജനവാസ മേഖലകളിൽ സായുധ പോലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും കാവൽ നിർത്തണം : നാഷണലിസ്റ്റ് കിസാൻ സഭ

കൊച്ചി കേരളത്തിലെ വനങ്ങളിൽ ഉൾകൊള്ളാൻ കഴിക്കുന്നതിനേക്കാൾ മൃഗങ്ങൾ എണ്ണം വർധിക്കുന്നത് ജനങ്ങളുടെ സ്വത്തിനും ജീവൻ ഭീഷണിയാണെന്നും അവയുടെ എണ്ണം ക്രമീകരിക്കാൻ ശാസ്ത്രീയ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും നാഷണലിസ്റ്റ് കിസാൻ സഭ (എൻസിപി)സംസ്ഥാന കമ്മിറ്റിയുടെ കൊച്ചിയിൽ ചേർന്ന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ ഇരയായവരുടെ ആശ്രിതർക്ക് നൽകേണ്ട നഷ്ടപരിഹാര തുകയ്ക്ക് മൂന്നും നാലും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് പ്രതിഷേധാർഹമാണ്. അത്തരം വീഴ്ച വരുത്തിയ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും നിലവിലുള്ള തുക ഇരട്ടിയാക്കണമെന്നും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് പി.എം. ജോസഫ് മാസ്റ്റർ ആവശ്യപ്പെട്ടു.

നെല്ലിന്റെ താങ്ങു വില ക്വിന്റലിന് 2800 എന്നുള്ളത് 4000 ആയി വർധിപ്പിച്ചു സ്പോട്ടിൽ തന്നെ തുക വിതരണം ചെയ്യണമെന്നും നാണ്യ വിളകൾക്ക് താങ്ങു വില പ്രഖ്യാപിക്കണമെന്നും മലയോര കർഷകർക്ക് റൂൾ 64 പ്രകാരം ഉപാധികളോടെ കൊടുത്തിട്ടുള്ള പട്ടയം ഭേദഗതി ചെയ്തു ചെറിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് പി.എം.ജോസഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം
എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉത്ഘാടനം ചെയ്തു. കർഷകരുടെ നിലവിലുള്ള ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതരുമായി ചർച്ച ചെയ്യുമെന്ന്
പി.സി. ചാക്കോ ഉറപ്പ്‌ നൽകി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു കേന്ദ്ര കൃഷി മന്ത്രിയായിരുന്ന ശരദ് പവർ മുൻകൈ എടുത്തു രൂപപ്പെടുത്തിയ 68000 കോടിയുടെ കടാശ്വാസത്തിന്റെ മാതൃകയിൽ ഉടൻ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്നും കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്നും നാഷണലിസ്റ്റ് കിസാൻ സഭ ആവശ്യപ്പെട്ടു.

സംഘടന ചുമതലയുള്ള എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രൊഫ. ജോബ് കാട്ടൂർ, വി.ജി.രവീന്ദ്രൻ, നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മീഡിയ സെൽ ചെയർമാനുമായ ജോഫിൻ ജെയിംസ്, നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു തെക്കൻ, ജനറൽ സെക്രട്ടറി സി.എ.ജോയ്, സ്ലെമന്റ് മാത്യു, ട്രഷറർ ഷിനോജ് വെള്ളാടി, മീഡിയ സെൽ സെക്രട്ടറി അലൻ മാത്യു, എന്നിവർ സംസാരിച്ചു.

Exit mobile version