യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ നാറ്റോയുമായി സഹകരിക്കണമെന്ന് കൂടുതല്‍ രാജ്യങ്ങളില്‍ ആവശ്യമുയരുന്നു. ഇതുവരെ നാറ്റോയുമായി സഹകരിക്കാതെ, നിഷ്പക്ഷമായി നിലകൊണ്ട ഫിന്‍ലന്‍ന്റിലും സ്വീഡനിലും നാറ്റോയുമായി സഹകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഫിന്‍ലന്‍ന്റില്‍ വൈഎല്‍എഫ് ബ്രോഡ്കാസ്റ്റേഴ്സ് നടത്തിയ സര്‍വേയില്‍ അമ്പത് ശതമാനത്തിന് മുകളിലാണ് നാറ്റോയുമായി സഹകരിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സ്വീഡനില്‍ നാറ്റോ സഖ്യത്തെ എതിര്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ അനുകൂലിക്കുന്നവരാണ്. ‘ഇതുവരെ ചിന്തിക്കാത്തത് ഇനി മുതല്‍ ചിന്തിച്ചു തുടങ്ങണം’ എന്ന് സ്വീഡനിലെ മുന്‍ പ്രധാനമന്ത്രി കാള്‍ ബില്‍റ്റ് ട്വീറ്റ് ചെയ്തു. യുക്രൈന്‍ അധിനിവേശത്തിന് ശേഷം, നാറ്റോയുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയ നിലപാടുകള്‍ രൂപപ്പെടുന്നതായാണ് ഫിന്‍ലന്‍ന്റെയും സ്വീഡന്റെയും നിലപാട് മാറ്റം സൂചിപ്പിക്കുന്നത്.
1939ന് ശേഷം, ആദ്യമായാണ് സ്വീഡന്‍ തങ്ങളുടെ നയതന്ത്ര നയത്തില്‍ മാറ്റം വരുത്തുന്നത്. യുക്രൈന് സൈനിക സഹായം നല്‍കുമെന്ന് സ്വീഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫിന്‍ലന്‍ഡിനെയും സ്വീഡനെയും നാറ്റോയില്‍ ചേര്‍ക്കാനായി അമേരിക്ക ശ്രമിക്കുന്നതായി നേരത്തെ റഷ്യ ആരോപിച്ചിരുന്നു. തങ്ങളുടെ സൈനിക നയങ്ങളില്‍ റഷ്യ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി സ്വീഡീഷ് പ്രധാനമന്ത്രി മദ്ഗലെന ആന്റേഴ്സണ്‍ രംഗത്തുവന്നിരുന്നു.
റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്റ് പുടിനുമായി നല്ല ബന്ധത്തിലല്ല. നാറ്റോയില്‍ ചേരുന്നതിനെ ഫിന്‍ലന്റില്‍ എതിര്‍ത്തിരിക്കുന്നത് വെറും 28 ശതമാനം പേര്‍ മാത്രമാണ്. സ്വീഡനില്‍ ഫെബ്രുവരിയില്‍ നടത്തിയ സര്‍വെയില്‍ 44 ശതമാനം പേരാണ് നാറ്റോയെ പിന്തുണച്ചത്. 35 ശതമാനം പേര്‍ എതിര്‍ത്തു. ഈ രാജ്യങ്ങള്‍ കൂടി നാറ്റോ സഖ്യത്തിനൊപ്പം ചേരുകയാണെങ്കില്‍, ബാള്‍ട്ടിക് മേഖലയില്‍ റഷ്യയ്ക്ക് കൂടുതല്‍ തിരിച്ചടി നേരിടും. നാറ്റോ അംഗത്വത്തിലേക്ക് ഇവര്‍ എത്തിയേക്കുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് സൂചിപ്പിക്കുന്നത്.