തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നേരില്‍കണ്ട് വിവാഹിത്തിന് ക്ഷണിച്ച് നയന്‍താരയും വിഘ്നേഷും

0
57

തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരും ജൂണ്‍ 09ന് വിവാഹിതരാവുന്നു എന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ നയന്‍താരയോ വിഘ്‌നേഷോ ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.ഇപ്പോഴിതാ, ഇരുവരും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. വിവാഹത്തിന് ക്ഷണിക്കാനാണ് നയന്‍താരയും വിഘ്നേഷും സ്റ്റാലിനെ കാണാന്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും ചിത്രത്തിലുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരുന്നത്. ജൂണ്‍ 09ന് മഹാബലിപുരത്ത് വെച്ചു വിവാഹം എന്നാണ് ഡിജിറ്റല്‍ മോഷന്‍ ക്ഷണക്കത്തില്‍ പറയുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ക്ഷണക്കത്താണോ എന്നത് വ്യക്തമല്ല.

2015-ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിഘ്നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2021 മാര്‍ച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയം നടന്നു. വിഘ്‌നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ വര്‍ഷം വിജയ് ടെലിവിഷനിലെ അഭിമുഖത്തില്‍ നയന്‍താര വെളിപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ വിവാഹം ഉടനെന്ന അഭ്യൂഹങ്ങളുണ്ട്.

Leave a Reply