Pravasimalayaly

ചുവപ്പിൽ സുന്ദരിയായി നയൻതാര; വിവാഹചിത്രം പങ്കുവച്ച് വിഗ്‌നേഷ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവാഹചിത്രം പങ്കുവച്ച് വിഗ്‌നേഷ് ശിവൻ. വിഗ്‌നേഷിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആകാംക്ഷയ്ക്ക് വിരാമമിട്ട് വിവാഹചിത്രം എത്തിയത്. വിവാഹ ചിത്രം പുറത്തായ ഉടനെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. മഹാബലിപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു നയൻതാരയും വിഗ്നേഷും വിവാഹിതരായത്. ചുവപ്പ് സാരിയിലും കുന്ദൻവർക്ക് ആഭരണങ്ങളിലും അതിസുന്ദരിയായിട്ടാണ് നയൻതാര വിവാഹത്തിനൊരുങ്ങിയത്.

ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്‌നേഷ് ശിവനും ഇന്ന് വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു വിവാഹം. ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകളിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു. ജൂൺ എട്ടിനു രാത്രിയായിരുന്നു മെഹന്ദി ചടങ്ങ്. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ലിക്‌സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ്. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിക്കഴിഞ്ഞു.

Exit mobile version