മഹാരാഷ്ട്രയില്‍ എന്‍ സി പി പിളര്‍ന്നു. മുതിർന്ന നേതാവ് അജിത് പവാറിന്റെ നേതൃത്വത്തിലാണ് എം എൽ എമാർ എൻ ഡി എക്കൊപ്പം ചേർന്നത്. 30 എം എല്‍ എമാർ അജിതിനൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. ബി ജെ പിയും ശിവസേന(ഷിന്‍ഡെ)യും നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞയും ചെയ്തു.
അജിതിന് പുറമെ എൻ സി പിയിൽ നിന്ന് മറ്റ് എട്ട് പേർ കൂടി ഷിൻഡെ സർക്കാറിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.എന്‍ സി പിക്ക് 53 എം എല്‍ എമാരാണുള്ളത്. ഇവരില്‍ ഭൂരിപക്ഷവും അജിതിനൊപ്പം പോയെന്നാണ് റിപ്പോര്‍ട്ട്. തന്റെ വസതിയായ ദേവ്ഗിരിയില്‍ പാര്‍ട്ടി നേതാക്കളുടെയും എം എല്‍ എമാരുടെയും യോഗം ഇന്ന് രാവിലെ അജിത് പവാര്‍ വിളിച്ചുചേര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവായ അജിത് പവാറിന് എം എൽ എമാരുടെ യോഗം വിളിച്ചുചേർക്കാൻ അധികാരമുണ്ട്.എന്‍ സി പിയുടെ മുതിര്‍ന്ന നേതാവ് ഛാഗന്‍ ഭുജ്ബലും വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പുണെയിലുള്ള പ്രസിഡന്റ് ശരത് പവാര്‍ യോഗത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. അജിതിനൊപ്പം ഭുജ്ബലും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തിയാണ് കഴിഞ്ഞ വർഷം എൻ ഡി എ മഹാരാഷ്ട്രയിൽ അധികാരത്തിലേറിയത്. അതോടെ, ശിവസേനയും എൻ സി പിയും കോൺഗ്രസും നേതൃത്വം നൽകിയിരുന്ന സർക്കാറിന് അധികാരം നഷ്ടപ്പെടുകയായിരുന്നു.